ന്യുയോർക്ക്: മേയറായി ചുമതലയേറ്റ ആദ്യ ദിവസം നടത്തിയ പ്രസംഗത്തിൽ ന്യൂയോർക്ക് നഗരത്തെ പുനഃർ നിർമിക്കുമെന്ന് സൊഹ്‌റാൻ മംദാനിയുടെ പ്രതിജ്ഞ. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന് അദ്ദേഹം ഒരു പുതിയ യുഗം വാഗ്ദാനം ചെയ്തു. തന്റെ ഔദ്യോഗിക കാലാവധിയുടെ അഭിലാഷകരമായ തുടക്കത്തിലാണ് തെരഞ്ഞെടുത്തവരോടുള്ള അദ്ദേഹത്തിന്റെ പ്രത്യാശാനിർഭരമായ വാക്കുകൾ.
ഒരു വർഷം മുമ്പു വരെ അറിയപ്പെടാത്ത ഒരു സംസ്ഥാന അസംബ്ലി അംഗമായിരുന്ന 34 കാരനായ ജനാധിപത്യ സോഷ്യലിസ്റ്റ്, നഗരത്തിലെ ആദ്യത്തെ മുസ്‍ലിം മേയറും ദക്ഷിണേഷ്യൻ വംശജനായ ആദ്യ വ്യക്തിയും ആഫ്രിക്കയിൽ ജനിച്ച ആദ്യ വ്യക്തിയുമാണ്. ഖുർആൻ ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യ വ്യക്തിയും കൂടിയാണ് അദ്ദേഹം.
‘ഇന്ന് മുതൽ നമ്മൾ വിപുലമായും ധീരമായും ഭരിക്കും. നമുക്ക് എല്ലായ്പോഴും വിജയിക്കാൻ കഴിഞ്ഞേക്കില്ല. പക്ഷേ, ശ്രമിക്കാനുള്ള ധൈര്യമില്ലെന്ന് ഒരിക്കലും കുറ്റപ്പെടുത്തപ്പെടില്ല. ഞാൻ ഒരു ജനാധിപത്യ സോഷ്യലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു ജനാധിപത്യ സോഷ്യലിസ്റ്റായി ഭരിക്കും. റാഡിക്കൽ എന്ന് വിളിക്കപ്പെടുമെന്ന് ഭയന്ന് ഞാൻ എന്റെ തത്വങ്ങൾ ഉപേക്ഷിക്കില്ല’ എന്ന് അദ്ദേഹം തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഉച്ചത്തിലുള്ള ആർപ്പുവിളികൾക്കിടയിൽ പറഞ്ഞു.
തന്റെ നേതൃത്വത്തിൽ സുരക്ഷ, താങ്ങാനാവുന്ന വില, സമ്പൽ സമൃദ്ധി എന്നീ അജണ്ടകൾ നടപ്പിലാക്കും. കോർപ്പറേറ്റ് അത്യാർത്തിക്കെതിരായ പോരാട്ടത്തിൽ ഒരിക്കലും പതറുകയില്ല. മറ്റുള്ളവർ വളരെ സങ്കീർണ്ണമെന്ന് കരുതുന്ന വെല്ലുവിളികൾക്ക് മുന്നിൽ വഴങ്ങാൻ വിസമ്മതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിനിടെ, ചടങ്ങിൽ പങ്കെടുത്ത തന്റെ മാതാപിതാക്കൾക്കും ഭാര്യ റമ ദുവാജിക്കും മംദാനി നന്ദി പറഞ്ഞു. ഭൂഖണ്ഡങ്ങളിലുടനീളം തന്റെ വിപുലമായ കുടുംബത്തിന്റെ പിന്തുണയും അദ്ദേഹം ഉദ്ധരിച്ചു. ‘എന്നെ വളർത്തിയതിനും, ഈ ലോകത്ത് എങ്ങനെയിരിക്കണമെന്ന് എന്നെ പഠിപ്പിച്ചതിനും, ഈ നഗരത്തിലേക്ക് കൊണ്ടുവന്നതിനും എന്റെ മാതാപിതാക്കളായ മമ്മക്കും ബാബക്കും നന്ദി. കമ്പാല മുതൽ ഡൽഹി വരെയുള്ള എന്റെ കുടുംബത്തിന് നന്ദി. എന്റെ ഏറ്റവും നല്ല സുഹൃത്തായിരിക്കുന്നതിനും ദൈനംദിന കാര്യങ്ങളിൽ എപ്പോഴും സൗന്ദര്യം കാണിച്ചുതരുന്നതിനും എന്റെ ഭാര്യ റമക്കും നന്ദി -അദ്ദേഹം പറഞ്ഞു. ‘പണി തുടങ്ങിയിട്ടേയുള്ളൂ’ എന്ന് പറഞ്ഞുകൊണ്ടാണ് മംദാനി പ്രസംഗം അവസാനിപ്പിച്ചത്.
2024 സെപ്റ്റംബർ 26ന് മുൻ മേയറെ ഫെഡറൽ അഴിമതി കുറ്റത്തിന് കുറ്റക്കാരനാക്കിയതിനുശേഷം പുറപ്പെടുവിച്ച എല്ലാ എക്സിക്യൂട്ടിവ് ഉത്തരവുകളും സ്ഥാനാരോഹണ ചടങ്ങിനു മണിക്കൂറുകൾക്ക് ശേഷം മംദാനി റദ്ദാക്കി. വരാനിരിക്കുന്ന ഭരണകൂടത്തിന് ഒരു പുതിയ തുടക്കം ഉറപ്പാക്കുന്നതിനും തുടർച്ചയായ സേവനം, മികവ്, മൂല്യാധിഷ്ഠിത നേതൃത്വം എന്നിവ നൽകുന്നതിന് എക്സിക്യൂട്ടിവ് ഉത്തരവുകൾ വീണ്ടും പുറപ്പെടുവിക്കുന്നതിനുമാണ് ഉത്തരവ് റദ്ദാക്കിയതെന്നും മംദാനിയുടെ ഓഫിസ് അറിയിച്ചു.
ഇന്ത്യൻ വംശജയായ മംദാനി, പ്രശസ്ത ചലച്ചിത്ര നിർമാതാവ് മീര നായരുടെയും കൊളംബിയ യൂനിവേഴ്സിറ്റി പ്രഫസർ മഹ്മൂദ് മംദാനിയുടെയും മകനാണ്. ഉഗാണ്ടയിലെ കമ്പാലയിൽ ജനിച്ചു വളർന്ന അദ്ദേഹം ഏഴാമത്തെ വയസ്സിൽ കുടുംബത്തോടൊപ്പം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറി. 2018ൽ യു.എസ് പൗരത്വം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.