പോർട്ട് മോറസ്ബി: പസഫിക് ദ്വീപ് രാജ്യങ്ങളുടെ മുൻഗണനകളെ എപ്പോഴും ബഹുമാനിക്കുന്നുവെന്നും ഇന്ത്യയെ വിശ്വസ്ത വികസന പങ്കാളിയായി കാണാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി പാപാ ന്യൂഗിനിയയിലെത്തിയ പ്രധാനമന്ത്രി ഫോറം ഫോർ ഇന്ത്യ-പസഫിക് ഐലൻഡ്സ് കോഓപറേഷന്റെ (എഫ്.ഐ.പി.ഐ.സി) മൂന്നാമത് ഉച്ചകോടിയിൽ പസഫിക് ദ്വീപ് രാജ്യങ്ങളിലെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്തോ-പസഫിക് ബന്ധം കൂടുതൽ സ്വതന്ത്രമാകേണ്ടതുണ്ടെന്നും എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും വിശ്വാസ്യതയെയും ഇന്ത്യ ബഹുമാനിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു. പസഫിക് ദ്വീപ് രാജ്യങ്ങളിൽ സ്വാധീനമുറപ്പിക്കാനും മേഖലയിൽ ചൈന നടത്തുന്ന ഇടപെടലും ചർച്ചയാകുന്നതിനിടെയാണ് പസഫിക് ദ്വീപ് രാജ്യങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ടുള്ള നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.
‘‘നിങ്ങളുടെ മുൻഗണനകളെ ഇന്ത്യ ബഹുമാനിക്കുന്നു. വികസനകാര്യത്തിൽ നിങ്ങളുടെ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ട്. മാനുഷിക സഹായമായാലും വികസനകാര്യമായാലും ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി നിങ്ങൾക്ക് കാണാം. മാനുഷിക മൂല്യങ്ങളെ അടിസ്ഥാനമാക്കുന്നതാണ് ഇന്ത്യയുടെ രീതി’’ -അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ, ബഹിരാകാശ സാങ്കേതിക വിദ്യകളായാലും ആരോഗ്യ, ഭക്ഷ്യ സുരക്ഷയിലായാലും ഒരുമടിയും കൂടാതെ പിന്തുണ നൽകുമെന്നും മോദി പറഞ്ഞു. 14 പസഫിക് ദ്വീപ് രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ നരേന്ദ്ര മോദിക്കൊപ്പം പാപാ ന്യൂഗിനിയ പ്രധാനമന്ത്രി ജെയിംസ് മറേപും ആതിഥേയത്വം വഹിച്ചു.
ജെയിംസ് മറേപുമായും ഗവർണർ ജനറൽ ബോബ് ദാഡായെയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. തമിഴ് മഹാസാഹിത്യ ഗ്രന്ഥമായ തിരുക്കുറൾ, പാപാ ന്യൂഗിനിയയിലെ ടൊക് പിസിൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകത്തിന്റെ പ്രകാശനവും ഇരു പ്രധാനമന്ത്രിമാരും ചേർന്ന് നിർവഹിച്ചു. നരേന്ദ്ര മോദിക്ക് ദ്വീപ് രാജ്യങ്ങളായ ഫിജിയുടെയും പാപാ ന്യൂഗിനിയയുടെയും പരമോന്നത ബഹുമതി നൽകി ഇരുരാജ്യങ്ങളും ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.