എപ്സ്റ്റീൻ ഫയലിൽ മീര നായരും; മേയർ സൊഹ്‌റാൻ മംദാനിക്കെതിരെ പ്രതിഷേധം

വാഷിങ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദ ഫയലിൽ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിയുടെ അമ്മ മീര നായരും. 2009 ഒക്ടോബറിൽ പബ്ലിസിസ്റ്റ് പെഗ്ഗി സീഗൽ ജെഫ്രിക്ക് അയച്ച മെയിലിലാണ് മീരയുടെ പേര് പരാമർശിച്ചത്. മീര സംവിധാനം ചെയ്ത ‘​അമേലിയ’ എന്ന സിനിമയുടെ റിലീസിന് ശേഷം എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലൈൻ മാക്വെല്ലിന്റെ വസതിയിൽ വെച്ച് നടന്ന വിരുന്നിൽ മീര പ​ങ്കെടുത്തതായും രേഖകളുണ്ട്.

അമേരിക്കൻ നീതി ന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷം പേജുകളും 1.8 ലക്ഷം ചിത്രങ്ങളും 2,000 വിഡിയോകളുമടങ്ങിയ രേഖകളിലാണ് സിനിമ സംവിധായിക കൂടിയായ മീര നായരുടെ പേര് പരാമർശിച്ചത്. ഇതേ വിരുന്നി​ൽ മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റണും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും പ​ങ്കെടുത്തതായി രേഖയുണ്ട്. ഇതിനെതിരെ മംദാനിയുടെ അനുകൂലികൾ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ നിന്ന് ​പ്രതിഷേധിച്ചു.

ന്യൂയോർക്ക് സിറ്റിയുടെ മേയറായി ചുമതലയേറ്റ സൊഹ്‌റാൻ മംദാനി എപ്സ്റ്റീൻ ഫയലുകൾ പരിശോധിക്കുമെന്നും നഗരത്തിൽ എന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ രേഖകൾ പുറത്തുവന്നതിന് പിന്നാലെ, മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷന് മുന്നിൽ പ്രതിഷേധക്കാർ അദ്ദേഹത്തെ തടയുകയും അമ്മയുടെ പേര് പരാമർശിക്കപ്പെട്ടതിനെച്ചൊല്ലി അധിക്ഷേപിക്കുകയും ചെയ്തു. എപ്സ്റ്റീൻ കേസിലെ ഇരകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കണമെന്നും അമ്മയുടെ പേര് ഫയലുകളിൽ വന്നതിൽ പരസ്യമായി വിശദീകരണം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.


എന്നാൽ ഒരു സാമൂഹിക പരിപാടിയിൽ പ​ങ്കെടുത്ത അതിഥിയായാണ് മീരയുടെ പേര് പരാമർശിക്കപ്പെട്ടത്. മാത്രവുമല്ല ഇവർക്കെതി​രെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപണമില്ല. എപ്സ്റ്റീന്‍റെ ജയിൽവാസകാലത്തെ വിശദാംശങ്ങൾ, മനശാസ്ത്ര റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ, 2019 ആഗസ്റ്റിൽ ജയിലിൽ കഴിയുന്നതിനിടെ സംഭവിച്ച മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ, കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികക്കടത്തിന് ഉപയോഗിക്കാൻ സഹായിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട എപ്സ്റ്റീന്‍റെ കൂട്ടാളി ഗിസ്ലെയ്ൻ മാക്സ്വല്ലിനെ സംബന്ധിച്ച അന്വേഷണ രേഖകളും ഫയലുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഫയലുകളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - New Epstein files mention Zohran Mamdani’s mother Mira Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.