അബ്ദുല്ല ഒക്ലാൻ
അങ്കാറ: തുർക്കിയക്കെതിരായ സായുധ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ). 40 വർഷത്തിലേറെയായി പി.കെ.കെയുടെ നേതൃത്വത്തിൽ തുർക്കിയയിൽ ആഭ്യന്തര കലാപം നടക്കുകയാണ്. തടവിൽ കഴിയുന്ന പി.കെ.കെ സ്ഥാപക നേതാവ് അബ്ദുല്ല ഒക്ലാനാണ് സംഘടനയെ നിരായുധീകരിക്കാനും സമാധാനത്തിന്റെ പാത പിന്തുടരാനും ആഹ്വാനം ചെയ്തത്. കുർദിഷ് ന്യൂനപക്ഷത്തിനായി കുർദിസ്താൻ എന്ന സ്വതന്ത്ര രാഷ്ട്രം എന്ന ലക്ഷ്യത്തോടെയാണ് 1978ൽ പി.കെ.കെ പ്രവർത്തനം ആരംഭിച്ചത്. തുർക്കിയ, ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളിലെ കുർദ് ഭൂരിപക്ഷ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് സ്വതന്ത്ര കുർദിസ്താൻ രൂപവത്കരിക്കണമെന്നായിരുന്നു ആവശ്യം. 40,000ത്തിലേറെ പേരാണ് പി.കെ.കെയുടെ സായുധ പോരാട്ടത്തിൽ കൊല്ലപ്പെട്ടത്. തുർക്കിയക്കുപുറമെ യൂറോപ്യൻ യൂനിയനും ബ്രിട്ടനും യു.എസും പി.കെ.കെയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.
കുർദുകളുടെ പ്രശ്നം ജനാധിപത്യ രാഷ്ട്രീയത്തിലൂടെ പരിഹരിക്കാൻ കഴിയുന്ന തലത്തിൽ എത്തിച്ചേർന്നതിനാൽ ചരിത്രപരമായ ദൗത്യം പൂർത്തീകരിച്ചെന്ന് പി.കെ.കെ നേതാക്കൾ ഈയിടെ വ്യക്തമാക്കിയിരുന്നു. പോരാട്ടം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനം തുർക്കിയയുടെ ഇറാഖ്, ഇറാൻ അതിർത്തികൾക്ക് സമീപം പ്രവർത്തിക്കുന്ന സേനകളെയും വടക്കുകിഴക്കൻ സിറിയയിലെ സഖ്യകക്ഷികളെയും ബാധിക്കും. പി.കെ.കെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നത് തെക്കുപടിഞ്ഞാറൻ ഇസ്താംബൂളിലെ മർമര കടലിലുള്ള ദ്വീപിൽ ഏകാന്ത തടവിൽ കഴിയുന്ന 76കാരനായ ഒക്ലാന്റെ മോചനത്തിന് വഴിതുറക്കുമെന്നാണ് സൂചന.
തുർക്കിയയിലെ മൊത്തം ജനസംഖ്യയുടെ 20 ശതമാനത്തോളം കുർദുകളാണ്. വിഘടനവാദ ലക്ഷ്യങ്ങളിൽ നിന്നുമാറി 1990കളിൽ സ്വയംഭരണത്തിലും കുർദുകളുടെ അവകാശങ്ങളിലും പി.കെ.കെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പി.കെ.കെ ആയുധം താഴെവെക്കുകയാണെന്ന് ഫെബ്രുവരിയിലാണ് ഒക്ലാൻ പ്രഖ്യാപിച്ചത്. തുർക്കിയയിലെ നാഷനലിസ്റ്റ് മൂവ്മെന്റ് പാർട്ടി നേതാവ് ദൗലത് ബഹ്ജലി പി.കെ.കെ നേതാക്കളുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രഖ്യാപനം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാന് പിന്തുണ കിട്ടാൻ വേണ്ടിയുള്ള നീക്കമാണിതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.