"സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാൻ ജനങ്ങൾ കഷ്ടപ്പെടുകയാണ്": മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ

കൊളംബോ: ശ്രീലങ്കയിൽ തുടരുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ സർക്കാരിനെതിരായ ജനങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ.

ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിർഭാഗ്യകരമാണ്. രാജ്യത്തെ ജനങ്ങൾ ഈ അവസ്ഥയിലൂടെ കടന്ന് പോകാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും ഇത് രാജ്യത്തെ തകർച്ചയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ധനമില്ല, ഗ്യാസില്ല, 10-12 മണിക്കൂർ വരെ ദിവസേന വൈദ്യുതി മുടങ്ങുന്നു. ഇത്തരത്തിൽ ജീവിക്കാൻ പ്രയാസമുള്ളതിനാലാണ് ജനങ്ങൾ പ്രതിഷേധിക്കാൻ തുടങ്ങിയത്. സാഹചര്യം ശരിയായ വിധം കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു ദുരന്തമായി മാറുമെന്ന് താരം മുന്നറിയിപ്പ് നൽകി. സ്വന്തം സർക്കാരിനെതിരെ രാജ്യത്തെ ജനങ്ങൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ തനിക്ക് ഒരുപാട് വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമാസക്തരാകാതെ എല്ലാവരും സമാധാനപരമായി പ്രതിഷേധിക്കണം. രാജ്യം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്വം സർക്കാരിനാണ്. ഇതിനാലാണ് ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവശ്യസാധനങ്ങൾ ലഭിക്കാൻ പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. ജീവിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് ആളുകൾക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്നും സാഹചര്യത്തെ ഇപ്പോൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ ദുരന്തമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 'People can't survive like this': Former Sri Lanka cricketer Sanath Jayasuriya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.