‘പപ്പാ, മമ്മ എവിടെ...’ അലറിക്കരഞ്ഞ് കൊല്ലപ്പെട്ട യുവതിയുടെ മകൾ; ക്രിസ്മസ് രാവിൽ അഭയാർഥി ക്യാമ്പിൽ കൂട്ടക്കുരുതി

ഗസ്സ: ക്രിസ്മസ് രാവിൽ അൽ മഗാസി അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ട യുവതിയുടെ മകളുടെ വിലാപം ലോകത്തിന്റെ വേദനയായി. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാമ്പിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇസ്രായേൽ നടത്തിയ ഭീകരാക്രമണത്തിലാണ് ഈ കുട്ടിയുടെ മാതാവ് കൊല്ലപ്പെട്ടത്. ഇവരടക്കം 70 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവ​രെ രക്ഷിക്കുന്നതിനിടെയായിരുന്നു കരളലിയിക്കുന്ന കരച്ചിൽ. ആൾക്കൂട്ടത്തിന് നടുവിൽ പിതാവിനെ കെട്ടിപ്പിടിച്ച് ‘പാപ്പാ, മമ്മ എവിടേ..’ എന്ന് ചോദിച്ച് മകൾ അലറിക്കരയുമ്പോൾ ആശ്വസിപ്പിക്കാൻ പോലുമാകാതെ നിസ്സഹായനായി നിൽക്കുകയാണ് പിതാവ്. പലായനം ചെയ്യുന്നവർക്കായി ഇസ്രായേൽ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ച ക്യാമ്പിലാണ് ഇന്നലെ കൊടുംക്രൂരത അരങ്ങേറിയത്. ഇവിടം സുരക്ഷിതമെന്ന് വിശ്വസിച്ച് അഭയംതേടിയ ആയിരങ്ങൾക്ക് മേലാണ് ഇസ്രായേൽ ഇന്നലെ ആക്രമണം നടത്തിയത്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. ഖാൻ യൂനിസിൽ നടത്തിയ വ്യോമാക്രമണത്തിൽ 28 പേരും കൊല്ലപ്പെട്ടു.


അതിനിടെ, രണ്ടു ദിവസത്തിനിടെ 15 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ഹമാസ് പോരാളികളും ഇസ്രായേൽ സൈന്യവും തമ്മിൽ വടക്കൻ, തെക്കൻ ഗസ്സയിൽ കനത്ത പോരാട്ടം തീവ്രമാണ്‌. ശത്രുവിന് കനത്ത ക്ഷതം വരുത്തിയെന്നും നാല് നാളുകൾക്കിടെ 35 സൈനിക വാഹനങ്ങൾ തകർത്തുവെന്നും അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ പറഞ്ഞു.

കരയുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ഗണ്യമായി ഉയർന്നതോടെ ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം കൂടുതൽ സമ്മർദത്തിലായി. സമയമെടുത്താലും, സമ്പൂർണ വിജയം നേടുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചത്. എല്ലാ ഭിന്നതകളും മറന്ന് സൈന്യത്തിനു പിന്നിൽ ഉറച്ചുനിൽക്കണമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

ഗസ്സയിൽ ഹമാസ് കൊലപ്പെടുത്തുന്ന ​സൈനികരുടെ യഥാർഥ കണക്ക് ഇപ്പോഴും ഇസ്രായേൽ പുറത്തുവിടുന്നില്ലെന്ന് ഗസ്സ മീഡിയ ഓഫിസ് ഡയറക്ടർ ഇസ്മാഇൽ അൽസവാബ്ത ആരോപിച്ചു. കൊല്ല​​പ്പെടുന്ന സൈനികരിൽ 10 ശതമാനം പേരുടെ പേരുവിവരങ്ങളും കണക്കുകളും മാത്രമേ ഇസ്രായേൽ വെളിപ്പെടുത്തുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ‘യുദ്ധം അവസാനിക്കുമ്പോൾ ഗസ്സയിൽ കൊല്ലപ്പെടുന്ന ജനറൽമാരും ഓഫിസർമാരും അടക്കമുള്ള സൈനികരുടെ എണ്ണം 5,000 കവിയും. അധിനിവേശകർ അവരുടെ യഥാർഥ നഷ്ടം മറച്ചുവെക്കുകയും മരിച്ചവരിൽ 10ശതമാനത്തെ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്നു’ -അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

Tags:    
News Summary - ‘Papa, where’s mama?’: Family grieves after strike on Maghazi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.