ജൊഹാനസ്ബർഗ്: യാത്രാ രേഖകളിലെ അനിശ്ചിതത്വം കാരണം ദക്ഷിണാഫ്രിക്കയിൽ 153 ഫലസ്തീനികളെ 12 മണിക്കൂറോളം വിമാനത്തിൽ തടഞ്ഞുവെച്ചു. കുട്ടികളും പ്രായമായവരും ഒമ്പത് മാസം ഗർഭിണിയായ സ്ത്രീയും ഉൾപ്പെടെ ദുരിതത്തിലായി. ജൊഹാനസ്ബർഗിലെ ഒ.ആർ. തംബോ വിമാനത്താവളത്തിലാണ് വ്യാഴാഴ്ച ചാർട്ടർ വിമാനത്തിൽ ഇവർ വന്നിറങ്ങിയത്.
പാസ്പോർട്ടിൽ ഇസ്രായേൽ അധികൃതർ എക്സിറ്റ് മുദ്ര പതിക്കാത്തതിനാലും ദക്ഷിണാഫ്രിക്കയിൽ എത്ര ദിവസം തുടരുമെന്നും എവിടെ താമസിക്കും എന്നും വ്യക്തമല്ലാത്തതിനാലുമാണ് എമിഗ്രേഷൻ അധികൃതർ യാത്രക്കാരെ തടഞ്ഞുവെച്ചത്. വിമാനം ചാർട്ടർ ചെയ്തത് ആരെന്ന് വ്യക്തമല്ല. വിമാനത്തിൽ കുടുങ്ങിയിരുന്ന യാത്രക്കാരെ കാണാൻ അനുവാദം ലഭിച്ച പാസ്റ്റർ സ്ഥിതി ദയനീയമാണെന്നും കുട്ടികൾ അലറിക്കരയുകയാണെന്നും പറഞ്ഞു.
തുടർന്ന് സന്നദ്ധ സംഘടന ഇടപെട്ട് യാത്രക്കാരെ ദക്ഷിണാഫ്രിക്കയിൽ താമസിപ്പിക്കാൻ മുൻകൈയെടുത്തു. 23 യാത്രക്കാരെ മറ്റു രാജ്യങ്ങളിലേക്ക് അയച്ചു. 130 പേർ ദക്ഷിണാഫ്രിക്കയിൽ തുടരുകയാണ്. ഇസ്രായേലുമായുള്ള പ്രശ്നത്തിൽ ദീർഘകാലമായി ഫലസ്തീനെ അനുകൂലിക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. യാത്രക്കാരെ തടഞ്ഞുവെച്ച സംഭവം വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.