ഗസ്സയുടെ ചാമ്പ്യനായിരുന്നു ആതിഫ്... പട്ടിണിയിൽ അവ​ന്റെ ശരീരം 70 കിലോയിൽ നിന്നും 25ലേക്ക് മെലിഞ്ഞുണങ്ങി.. ഒടുവിൽ അവനും വിശന്നു മരിച്ചു...

ഗസ്സ: രണ്ടു വർഷം മുമ്പുവരെ ഗസ്സയിലെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞു മക്കളോടായി പറഞ്ഞത് ഇങ്ങനെയായിരുന്നു.. ‘ആതിഫിനെ നോക്കൂ.. അവനെ കണ്ടു പഠിക്കൂ. ഈ നാടിന്റെ കായിക ചാമ്പ്യനായി മാറിയ ആതിഫിൽ നിങ്ങൾക്ക് മാതൃകയുണ്ട്’. ഗസ്സയുടെ സ്​പോർട്സ് ട്രാക്കിലും ഫുട്ബാൾ ഗ്രൗണ്ടിലും താരമായിരുന്നു ആ കൗമാരക്കാരൻ. 15 വയസ്സാകുമ്പോഴേക്കും അവൻ ആ മണ്ണിലെ ബാല്യങ്ങൾക്ക് പ്രചോദനമാവുന്ന മികച്ച കായിക താരമായി വളർന്നു.

എന്നാൽ, 2023 ഒക്ടോബർ ഏഴിന് ആരംഭിച്ച ഇസ്രായേലിന്റെ ആക്രമണങ്ങൾ മറ്റേതൊരു ഗസ്സക്കാരനെയും പോലെ ആതിഫിന്റെയും ജീവിതം മാറ്റിമറിച്ചു. യുദ്ധത്തിൽ സ്​പോർട്സിനെ മറന്ന അവൻ, കഴിഞ്ഞ ഏതാനും മാസങ്ങളിലായി മറ്റൊരു പോരാട്ടത്തിലായിരുന്നു. മരുന്നും ഭക്ഷണവും വെള്ളവും ഇന്ധനവും മുട്ടിച്ച് ഗസ്സയെ വരിഞ്ഞ് മുറുക്കുന്ന ഇസ്രായേൽ ക്രൂരതയിൽ വിശപ്പടക്കാനുള്ള പോരാട്ടം.

കഴിഞ്ഞ അഞ്ചാറുമാസംകൊണ്ട് ആതിഫ് അബു ഖാതിറും പട്ടിണിക്കോലമായി. 17 വയസ്സുകാരന്റെ ശരീരഭാരം 70കിലോയിൽ നിന്നും 25 കിലോയിലേക്ക് ചുരുങ്ങി. വെറും ഒമ്പത് വയസ്സുകാര​ന്റെ ശരീരത്തോളം അവൻ ചെറുതായി. ബലിഷ്ഠമായ മസിലുകൾ സുന്ദരമാക്കിയ ശരീരം എല്ലും തോലുമായി അവശേഷിച്ചു. കണ്ണുകൾ കുഴിയിലേക്ക് തള്ളിയപ്പോൾ, സുന്ദരമായ മുഖം വിരൂപമാ​യി ആരിലും ഭയമുളവാക്കി. കാൽ മുട്ടിലും കൈമുട്ടിലും എല്ലുകൾ തൊലിയെയും വേദനിപ്പിച്ച് പുറത്തേക്ക് ഉന്തി നിന്നു...

അങ്ങനെ, ഗസ്സയുടെ ദുരന്ത ചിത്രത്തിന്റെ മറ്റൊരു സാക്ഷ്യമായ കളത്തിലെ ആ ചാമ്പ്യൻ കഴിഞ്ഞ ദിവസം ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ വിശന്നു​വലഞ്ഞ് അന്ത്യശ്വാസം വലിച്ചു. കടുത്ത പോഷകാഹാര കുറവും, ശരീര ഭാരനഷ്ടവും കാരണം അപകടന നിലയിലായി ആതിഫിനെ അവസാന ദിനങ്ങളിലെ പരിചരണത്തിലും രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് ഗസ്സയിലെ മാധ്യമ പ്രവർത്തകനായ വിസം ഷബാത് റിപ്പോർട്ട് ചെയ്യുന്നു.

ഭയപ്പെടുത്തുന്ന രൂപമായി മാറിയ ശരീരം ലോകത്തിന് കാണിക്കാൻ അവന്റെ ബന്ധുക്കളും സുഹൃത്തുക്കളും മടിച്ചു.  ഒരുകാലത്ത് ഗസ്സയിലെ മൈതാനങ്ങളെ കീഴടക്കിയ, ആ മെലിഞ്ഞുണങ്ങിയ കാൽപാദത്തിൽ മുത്തംവെച്ച് കരയുന്ന ബന്ധുവിന്റെ ചിത്രം പങ്കുവെച്ചാണ് തുർക്കിയ വാൻത്ത ഏജൻസിയായ ‘അനാഡൊലു’ ആ നീറുന്ന മരണ വാർത്ത ലോകത്തോട് പങ്കുവെച്ചത്.

കഴിഞ്ഞ മാർച്ച് മുതൽ ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധത്തിന്റെ ഇരകളായി വിശന്ന് മരിച്ചുവീണ 93കുട്ടികൾ ഉൾപ്പെടെ 175 പേരിൽ ഒരാൾ കൂടിയാണ് ആതിഫ് അബു ഖാതിർ.

കുട്ടികളും ഗർഭിണികളും സ്ത്രീകളും ഉൾപ്പെടെ ലക്ഷങ്ങളെ പട്ടിണിക്കിടുന്ന ഇസ്രായേൽ നടപടിക്കെതിരെ അന്താരാഷ്​ട്ര പ്രതിഷേധം ശക്തമാകുമ്പോഴും ഗസ്സയുടെ വിശപ്പിന് അറുതിയില്ല. ഭക്ഷണവും യുദ്ധയുധമാക്കുന്നതായി ലോകരാജ്യങ്ങളും കുറ്റപ്പെടുത്തുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഭാഗികമായ ഇളവുകൾ നൽകിയിട്ടും ആവശ്യത്തിന് ഭക്ഷണവും വെള്ളവും എത്തുന്നില്ലെന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

യു.എൻ സഹായ സംവിധാനങ്ങളെ അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ള ഗസ്സ ഹുമനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ഗസ്സയിലെ മനുഷ്യനിർമിത ക്ഷാമത്തിന് പ്രധാന കാരണമെന്ന് ഐക്യരാഷ്ട്രസഭയുടെ ഫലസ്തീൻ അഭയാർഥി ഏജൻസിയായ (യു.എൻ.ആർ.ഡബ്ല്യു.എ) തലവൻ ഫിലിപ്പ് ലസാരിനി പറഞ്ഞു.

Tags:    
News Summary - Palestinian teen starved to death in Gaza amid Israeli aid restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.