ന്യൂയോർക്ക്: കൊളംബിയ സർവകലാശാലയിൽ ഇസ്രായേലിനും ഗസയിലെ യുദ്ധത്തിനുമെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ഫലസ്തീൻ ബിരുദ വിദ്യാർഥി മൊഹ്സിൻ മഹ്ദവിയെ നാടുകടത്താനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം തടഞ്ഞ് എമിഗ്രേഷൻ വിഭാഗം ജഡ്ജി. സർക്കാർ ഹാജരാക്കിയ ഔദ്യോഗികരേഖ ശരിയായി സാക്ഷ്യപ്പെടുത്താത്തതിനെ തുടർന്നാണ് അവസാനിപ്പിച്ചതെന്ന് ജഡ്ജി നീന ഫ്രോസ് പറഞ്ഞു. സർക്കാർ അഭിഭാഷകരുടെ നടപടിയിലെ പിഴവാണ് വിനയായത്.
ട്രംപ് ഭരണകൂടത്തിന് ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാം. ഫലസ്തീൻ അനുകൂല കാമ്പസ് ആക്ടിവിസ്റ്റുകളെയും ഇസ്രായേലിനെ വിമർശിച്ച മറ്റുള്ളവരെയും പുറത്താക്കാനുള്ള ശ്രമത്തിനുള്ള ഏറ്റവും പുതിയ തിരിച്ചടിയാണ് ഈ വിധി. കഴിഞ്ഞ മാസം ഫ്റ്റ്സ് യൂനിവേഴ്സിറ്റി ബിരുദ വിദ്യാർഥിനിയായ റുമേയ്സ ഓസ്ടർക്കിനെ നാടുകടത്താനുള്ള സർക്കാറിന്റെ ശ്രമത്തെ എമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു.
പത്തു വർഷത്തിലേറെയായി യു.എസിൽ നിയമപരമായി സ്ഥിരതാമസമാക്കിയ മഹ്ദവി, ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ അഭയാർഥി ക്യാമ്പിലാണ് ജനിച്ചത്. കഴിഞ്ഞ ഏപ്രിലിൽ പൗരത്വ അഭിമുഖത്തിനിടെ യു.എസ് എമിഗ്രേഷൻ ഏജന്റുമാർ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതി വിട്ടയച്ചു.
പൗരന്മാരല്ലാത്തവരുടെ സാന്നിധ്യം വിദേശനയത്തിലെ താൽപര്യങ്ങളെ ദുർബലപ്പെടുത്തിയാൽ അവരെ പുറത്താക്കാമെന്ന സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ മെമ്മോ ഉദ്ധരിച്ച് നാടുകടത്താനുള്ള ശ്രമം തുടരുകയായിരുന്നു. നിയമവാഴ്ചയെ മാനിച്ചതിനും നടപടിക്രമങ്ങൾ അട്ടിമറിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിനും കോടതിയോട് നന്ദിയുണ്ടെന്ന് മഹ്ദവി പ്രസ്താവനയിൽ പറഞ്ഞു. നിയമവിരുദ്ധമായി തടങ്കലിൽവെച്ചെന്ന് കാണിച്ച് മഹ്ദവി ജില്ലാ കോടതിയിൽ നൽകിയ കേസ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.