നയതന്ത്രനീക്കത്തിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദി തെഹ്റാനിലെത്തി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ
തെഹ്റാൻ/ വാഷിങ്ടൺ: തുടർച്ചയായ 13ാം ദിവസവും ഇറാനിൽ ആക്രമണം നടത്തി യു.എസ്. തലസ്ഥാനമായ തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങൾക്കു പുറമെ, തന്ത്രപ്രധാന മേഖലകളായ ഖശ്മ് ദ്വീപ്, ബന്ദർ അബ്ബാസ്, ആണവ നിലയം പ്രവർത്തിക്കുന്ന അഹ്‍വാസ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ ആക്രമണമുണ്ടായത്. വ്യോമാക്രമണം രണ്ടുമണിക്കൂർ നീണ്ടതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. മറുവശത്ത്, ഗൾഫ് രാജ്യങ്ങളിലെ യു.എസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാനും പ്രത്യാക്രമണം കടുപ്പിച്ചിട്ടുണ്ട്. ഇതോടെ, ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചൊല്ലിയുള്ള യു.എസ്-ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമായി. വിഷയത്തിൽ നയതന്ത്ര ചർച്ചയും സ്തംഭിച്ചിരിക്കുകയാണ്.
ഇറാനെതിരെ ഇതുവരെ നടന്നതിൽ ഏറ്റവും വ്യാപകമായ സൈനിക ആക്രമണത്തിനൊരുങ്ങുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്നലെ ആക്രമണമുണ്ടായത്. ‘വൻയുദ്ധ’ത്തിനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനത്തിന്റെ വക്കിലെത്തിയെന്നാണ് ട്രംപ് പറഞ്ഞത്. അങ്ങനെയൊരു ആക്രമണമുണ്ടായാൽ ഇസ്രായേലിനെയും ഒപ്പം കൂട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ട്രംപിന്റെ നീക്കത്തിനെതിരെ യു.എസ് കോൺഗ്രസിൽ എതിർപ്പ് ശക്തമായിരിക്കുകയാണ്. യു.എന്നും ട്രംപിന്റെ നയത്തെ വിമർശിച്ചു.
അതിനിടെ, ഇറാൻ പിന്തുണയുള്ള യമനിലെ ഹൂതി വിമതർ ചെങ്കടലിൽ രണ്ട് സൗദി എണ്ണക്കപ്പലുകൾ ആക്രമിച്ചെന്ന് അവകാശപ്പെട്ടു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷത്തിന് പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര എണ്ണവിതരണത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ബ്രെന്റ് ക്രൂഡ് എണ്ണവില ബാരലിന് 100 ഡോളർ കടന്ന് മേയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിട്ടുമുണ്ട്.
വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലുറച്ച് ഇറാനും പ്രത്യാക്രമണം കടുപ്പിച്ചിരിക്കുകയാണ്. കുവൈത്തിലും ബഹ്റൈനിലും ജോർഡനിലും ഇന്നലെയും ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കുവൈത്തിൽ യു.എസ് സൈന്യം ഉപയോഗിക്കുന്ന അലി അൽ സലീം വ്യോമകേന്ദ്രം, ബഹ്റൈനിലെ ശൈഖ് ഈസ എയർബേസ്, ജോർഡനിലെ അൽ അസ്റാഖ് വ്യോമനിലയം എന്നിവ ലക്ഷ്യമാക്കിയായിരുന്നു ഇറാന്റെ ആക്രമണങ്ങൾ.
അതിനിടെ, ദുർബലമെങ്കിലും ചില സമാധാന നീക്കങ്ങളും നടക്കുന്നുണ്ട്. ഇരുകൂട്ടർക്കും സമ്മതനായ ഇറാഖ് പ്രധാനമന്ത്രി അലി അൽ സൈദി കഴിഞ്ഞദിവസം തെഹ്റാനിലെത്തി ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാനുമായി കൂടിക്കാഴ്ച നടത്തി. ഇരുപക്ഷവും ചർച്ചക്ക് ഒരിക്കൽകൂടി തയാറാകണമെന്ന് ഖത്തറും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.