ലാഹോർ: പാകിസ്താനിലെ ബലൂചിസ്താനിൽ ഭീകരർ ട്രെയിൻ റാഞ്ചിയത് തന്ത്രപരമായി. പെഷവാറിൽ ജാഫർ എക്സ്പ്രസിനെ എട്ടാം നമ്പർ ടണലിൽ കുടുക്കിയ ഭീകരർ ഇരച്ചെത്തി സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകരരുടെ വെടിവെപ്പിൽ എൻജിൻ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എട്ടാം നമ്പർ ടണലിലെ ട്രാക്കുകൾക്ക് കൂടി ഭീകരർ കേടുവരുത്തിയതോടെ ട്രെയിൻ പാളം തെറ്റുകയും ചെയ്തു. റൂട്ടിലെ 17 ടണലുകളുള്ള പ്രദേശത്ത് ട്രെയിനിന് വേഗത കുറയുന്നതും ഭീകരർ മുതലാക്കി. വേഗതക്കുറവ് ട്രെയിനിലേക്ക് അനായാസം കയറാൻ ഭീകരരെ സഹായിച്ചു.
അതേസമയം, ട്രെയിൻ റാഞ്ചലിന് പിന്നിൽ ബലൂചിസ്താൻ ലിബറേഷൻ ആർമിയാണെന്ന് വ്യക്തമായിട്ടുണ്ട്. പാതട്ടിയെടുത്ത ട്രെയിനിലെ ബന്ദികളെ മോചിപ്പിക്കാനുള്ള സാഹസത്തിന് മുതിർന്നാൽ എല്ലാവരെയും വധിക്കുമെന്ന് ബലൂചിസ്താൻ ലിബറേഷൻ ആർമി (ബി.എൽ.എ) ഭീഷണി മുഴക്കി.
തട്ടിയെടുത്ത ട്രെയിനിലെ 182 യാത്രക്കാരെ ബന്ദികളാക്കി. 20 പാക് സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബലൂചിസ്താനിലെ കച്ചി ജില്ലയിൽ അബെഗം പ്രദേശത്തുവെച്ചാണ് ബി.എൽ.എ ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്. ക്വറ്റയിൽനിന്ന് പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിനുനേരെ ആയുധധാരികളായ ആറുപേർ വെടിയുതിർക്കുകയായിരുന്നു. ഒമ്പത് കോച്ചുകളാണ് ട്രെയിനിന്. പാകിസ്താനിലും യു.കെയിലും അമേരിക്കയിലും നിരോധിക്കപ്പെട്ട ഭീകര സംഘടനയാണ് ബി.എൽ.എ.
പാസഞ്ചർ ട്രെയിൻ തട്ടിയെടുക്കുന്നതിന്‍റെ വിഡിയോ പുറത്ത് വിട്ട് ബലൂച് ലിബറേഷൻ ആർമി. യാത്രക്കാരെ ബന്ദികളാക്കുന്നതിന് മുമ്പ് ട്രാക്ക് പൊട്ടിത്തെറിക്കുന്നത് കാണിക്കുന്ന വിഡിയോ ആണ് പുറത്തുവിട്ടത്.
ട്രെയിനിന്റെ മുൻഭാഗം പൊട്ടിത്തെറിക്കുന്നതും തുടർന്ന് ഭീകരർ യാത്രക്കാരെ ബന്ധിക്കളാക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.
ട്രെയിനിന്റെ എഞ്ചിനിൽ നിന്നും ആദ്യത്തെ രണ്ട് കമ്പാർട്ടുമെന്റുകളിൽ നിന്നും വലിയ കറുത്ത പുക ഉയരുന്നത് വീഡിയോയിൽ കാണാം. തുടർന്ന് തോക്കുധാരികളായ ഭീകരർ യാത്രക്കാരെ ബന്ദികളാക്കുകയും ട്രെയിനിൽ നിന്ന് ഇറക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.