ഫത്താ മിസൈൽ പരീക്ഷണം

വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്താൻ; 120 കിലോമീറ്റർ ദൂരപരിധി കൈവരിക്കാൻ സാധിക്കുമെന്ന് അവകാശവാദം

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം രൂക്ഷമാകുന്നതിനിടയിൽ രണ്ടാം മിസൈൽ പരീക്ഷിച്ച് പാകിസ്താൻ. 120 കിലോമീറ്റർ ദൂരപരിധി കൈവരിക്കാൻ സാധിക്കുന്ന 'ഫത്താ' പരമ്പരയിലെ ഉപരിതല മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 'എക്‌സസൈസ് ഇൻഡസ്' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഈ പരീക്ഷണം മിസൈലിന്റെ സാങ്കേതിക പാരാമീറ്ററുകൾ സാധൂകരിക്കുന്നതിനും പ്രവർത്തന സന്നദ്ധത ഉറപ്പാക്കുന്നതും ലക്ഷ്യംവെച്ചാണെന്ന് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐ.എസ്.പി.ആർ) അറിയിച്ചു.

മേയ് രണ്ട് വെള്ളിയാഴ്ച അബ്ദാലി ആയുധ സംവിധാനം പരീക്ഷിച്ചതിന് ശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. ഏപ്രിൽ 22ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര സംഘർഷം വർധിച്ച സാഹചര്യത്തിലാണ് മിസൈൽ പരീക്ഷണം. സിന്ധു നദി ജല ഉടമ്പടി താൽക്കാലികമായി നിർത്തിവെക്കുകയും പാകിസ്താൻ പൗരന്മാരുടെ വിസ റദ്ദാക്കിയ നടപടികൾ ഉൾപ്പെടെയുള്ള നിരവധി നയതന്ത്ര, സാമ്പത്തിക കാര്യങ്ങളിലേക്ക് ഇന്ത്യ കടന്നിരുന്നു.

ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസ, കരസേനാ മേധാവി ജനറൽ അസിം മുനീർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഫത്താ മിസൈൽ പരീക്ഷണത്തിൽ പങ്കാളികളായി. 

Tags:    
News Summary - Pakistan tests missile again; claims it can reach a range of 120 km

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.