കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചക്ക് തയാർ; പാക് പ്രധാനമ​ന്ത്രി

ഇസ്‍ലാമാബാദ്: കശ്മീർ അടക്കമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി ചർച്ചക്ക് തയാറാ​ണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ശരീഫ്. പാക് അധീന കശ്മീരിൽ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ശഹബാസ് ശരീഫ് ഇക്കാര്യം അറിയിച്ചത്.

''കശ്മീർ അടക്കമുള്ള എല്ലാ പ്രശ്നങ്ങളും ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. 1999ലെ ലാഹോർ പ്രഖ്യാപനത്തിൽ പറഞ്ഞതുപോലെ ചർച്ച മാത്രമാണ് ബന്ധം നന്നാക്കാനുള്ള ഏക വഴി.''-പാക് പ്രധാനമന്ത്രി പറഞ്ഞു.

പാക് സന്ദർശനത്തിടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയാണ് ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. ശത്രുതയും സംഘർങ്ങളും അവസാനിപ്പിച്ച് പാകിസ്താനുമായി നല്ല അയൽബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭക്ക് ഇന്ത്യ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ചർച്ച ആരംഭിക്കണമെന്നും ശഹബാസ് ഷരീഫ് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പരാമർശിച്ചായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.

ഇന്ത്യ ആയുധങ്ങൾ ശേഖരിക്കുകയാണെന്ന് ആരോപിച്ച പാക് പ്രധാനമന്ത്രി അത് മേഖലയിൽ സമാധാനം കൊണ്ടുവരില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. മുന്നോട്ട് പോകാനുള്ള ഏക മാർഗം സമാധാനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയ പ്രകാരമുള്ള ​'സ്വയം നിർണയാവകാശം' മാത്രമാണ് കശ്മീർ പ്രശ്നത്തിനുള്ള ഏക പരിഹാരമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ പലതവണ കശ്മീർ വിഷയം ഉന്നയിച്ചിട്ടുണ്ട്. 

Tags:    
News Summary - Pakistan PM's fresh peace overture to India: Want to resolve Kashmir issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.