ഇസ്‌ലാമബാദ്: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം സമ്മാനിക്കണ നിർദേശവുമായി പാകിസ്താൻ സർക്കാർ രംഗത്ത്. കശ്മീർ പ്രശ്നം പരിഹരിക്കാനുള്ള നിർദേശത്തെ മാനിക്കുന്നു. ഇന്ത്യ -പാകിസ്താൻ സംഘർഷത്തിൽ ട്രംപ് നടത്തിയ മികച്ച നയതന്ത്രവും നേതൃപാടവവും പരിഗണിക്കണമെന്നും പാകിസ്താൻ സർക്കാർ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു. താൻ എന്തൊക്കെ ചെയ്താലും നൊബേലിന് പരിഗണിക്കില്ലെന്ന ട്രംപിന്‍റെ പരിഭവത്തിനു പിന്നാലെയാണ് പാകിസ്താന്‍റെ നീക്കം.
പാകിസ്താൻ സേനാ മേധാവി അസിം മുനീറിന് ഏതാനും ദിവസം മുമ്പ് വൈറ്റ് ഹൈൗസിൽ ട്രംപ് വിരുന്നൊരുക്കിയിരുന്നു. കൂടിക്കാഴ്ചയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇതിനിടെയാണ് പാക് സർക്കാറിന്‍റെ ട്വീറ്റ്. ഓപറേഷൻ സിന്ദൂറിനു പിന്നാലെയുണ്ടായ സംഘർഷം ലഘൂകരിക്കാൻ ട്രംപ് ഇടപെട്ടെന്നും കശ്മീർ പ്രശ്നത്തെ പരിഹരിക്കാനുള്ള നിർദേശം മാനിക്കുന്നുവെന്നും ട്വീറ്റിൽ പറയുന്നു.
ഇന്ത്യ-പാക് സംഘർഷം പരിഹരിക്കാൻ ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദത്തെ കേന്ദ്രസർക്കാർ തള്ളിയിരുന്നു. ഇരു രാജ്യത്തെയും സൈനിക മേധാവികൾ തമ്മിലാണ് ചർച്ച നടന്നതെന്നും പാകിസ്താന്‍റെ അഭ്യർഥന മാനിച്ച് ആക്രമണം അവസാനിപ്പിക്കുകയായിരുന്നുവെന്നും കേന്ദ്രം പറയുന്നു. എന്നാൽ വ്യാപരബന്ധം മുൻനിർത്തി, തന്‍റെ ഇടപെടലിലൂടെ വെടിനിർത്തൽ നിലവിൽ വന്നെന്നാണ് ട്രംപിന്‍റെ വാദം.
ഇന്ത്യ -പാകിസ്താൻ സംഘർഷത്തിനു പുറമെ റുവാണ്ട ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിലും ഇസ്രായേൽ -ഫലസ്തീൻ, റഷ്യ -യുക്രെയ്ൻ സംഘർഷങ്ങളിലും താൻ സമാധാന ശ്രമങ്ങൾ നടത്തിയെങ്കിലും തന്നെ നൊബേലിന് പരിഗണിക്കാൻ ഇടയില്ലെന്നാണ് ട്രംപ് പറയുന്നത്. സാധാരണ ഗതിയിൽ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും സൈനിക നടപടികൾക്ക് പ്രേരിപ്പിക്കാതിരിക്കുന്നതിനും സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കുന്നവരെയുമാണ് നൊബേലിനായി പരിഗണിക്കാറുള്ളത്.
എന്നാൽ പശ്ചിമേഷ്യയിൽ ഉൾപ്പെടെ നടക്കുന്ന സംഘർഷത്തിൽ അമേരിക്കയുടെ പങ്ക് വ്യക്തമാണെന്നത് ശ്രദ്ധേയമാണ്. ഇറാനെ ആക്രമിക്കാൻ ഇസ്രായേലിന് പിന്തുണ നൽകുന്നത് യു.എസാണെന്നത് ആഗോളതലത്തിൽ പരസ്യമായ കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാകിസ്താൻ ട്രംപിന് നൊബേൽ സമ്മാനിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നതിനുനേരെ വിമർശനം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.