‘നിങ്ങൾക്ക് വിദേശത്ത് വീടുണ്ട്, ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്’ -പാക് സർക്കാരിനും സൈന്യത്തിനുമെതിരെ ആഞ്ഞടിച്ച് പാക് എം.പി

ഇസ്‍ലാമാബാദ്: ഇന്ത്യ-പാക് സംഘർഷം മൂർച്ഛിക്കുന്നതിനിടെ പാകിസ്താൻ സർക്കാറിനും ​സൈന്യത്തിനുമെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് എം.പി. പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയായ പാകിസ്താൻ തഹ്‍രീകെ ഇൻസാഫിന്റെ ദക്ഷിണ മേഖല ഖൈബർ പഖ്തൂൺഖ്വ പ്രസിഡന്റും പാകിസ്താൻ എം.പിയുമായ ഷാഹിദ് ഖട്ടക്കാണ് വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനത്തിൽ തുറന്നടിച്ചത്.

‘നിങ്ങൾക്ക് യൂറോപ്പിലും അമേരിക്കയിലും സ്വത്തുണ്ട്, വീടുകളുണ്ട്. ഞങ്ങളാണ് ഇവിടെ കഴിയേണ്ടത്. ഞങ്ങൾ സാധാരണക്കാർ എങ്ങോട്ട് പോകും?’ -അദ്ദേഹം ചോദിച്ചു. ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രസ്താവന നടത്താൻ പോലും കഴിയാത്ത ഭീരുവാണ് ശഹബാസ് ശരീഫെന്നും ഷാഹിദ് ഖട്ടക്ക് ആരോപിച്ചു.

‘ഇന്ത്യക്കെതിരെ ഒരു പ്രസ്താവന പോലും വന്നിട്ടില്ല. അതിർത്തിയിൽ നിൽക്കുന്ന പാകിസ്താൻ സൈനികർ സർക്കാർ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. മോദിയുടെ പേര് പോലും ഉച്ചരിക്കാൻ കഴിയാത്ത ഭീരുവാണ് നേതാവ്. അതിർത്തിയിൽ പോരാടുന്ന സൈനികന് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?’ -അദ്ദേഹം ചോദിച്ചു.

ഓപറേഷൻ സിന്ദൂറിന് പിന്നാലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ശ്രമിച്ച പാകിസ്താന് കനത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. വ്യാഴാഴ്ച രാവിലെ ഇന്ത്യൻ സൈന്യം പാകിസ്താനിലെ വ്യോമ പ്രതിരോധ റഡാർ സംവിധാനങ്ങൾ ആക്രമിച്ച് തകർത്തിരുന്നു. ഇന്ത്യയുടെ വടക്ക്, പടിഞ്ഞാറ് മേഖലകളിലെ 15 സൈനിക കേന്ദ്രങ്ങളെ പാകിസ്താൻ ലക്ഷ്യംവെച്ചതോടെയാണ് സൈന്യം ശക്തമായ മറുപടി നൽകിയത്. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകർന്നതിന് തെളിവ് ലഭിച്ചതായി സൈന്യം വാർത്താക്കുറിപ്പിൽ പറഞ്ഞു.

പാകിസ്താനിലെ ഭീകരരുടെ താവളങ്ങൾ തകർത്ത ഓപറേഷൻ സിന്ദൂറിന് പിന്നാലെയാണ് ബുധൻ, വ്യാഴം ദിവസങ്ങളിൽ രാത്രി പാക് സൈന്യം ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തത്. ഇവയെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃതസർ, കപുർത്തല, ജലന്ധർ, ലുധിയാന, ആദംപുർ, ഭാട്ടിൻഡ, ചണ്ഡിഗഢ്, നാൽ, ഫലോദി, ഉത്തർലായ്, ഭുജ് എന്നിവിടങ്ങളാണ് പാകിസ്താൻ ലക്ഷ്യമിട്ടത്. ഓപറേഷൻ സിന്ദൂറിൽ ഭീകരകേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിട്ടതെന്നും ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾക്കുനേരെ കൈയോങ്ങിയാൽ ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്ത്യ തൊടുത്തുവിട്ട നിരവധി േഡ്രാണുകൾ തകർത്തതായി പാക് സെനിക വക്താവ് ലെഫ്റ്റനന്റ് ജനറൽ അഹ്മദ് ഷരീഫ് ചൗധരി അവകാശപ്പെട്ടു.

ഇതുവരെ 25 ഇസ്രായേൽ നിർമിത ഹാരോപ് ഡ്രോണുകൾ വെടിവെച്ചിട്ടു. ലാഹോറിൽ ഡ്രോൺ ആക്രമണത്തിൽ നാല് സൈനികർക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ലാഹോർ കന്റോൺമെന്റ് പ്രദേശത്ത് കുറഞ്ഞത് നാല് ഡ്രോണുകളെങ്കിലും പതിച്ചതായി ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയോട് പറഞ്ഞു. വീണ്ടും ആക്രമണങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ലാഹോറിലെ യു.എസ് കോൺസുലേറ്റ് നിർദേശം നൽകി.

Tags:    
News Summary - Pakistan MP shahid khattak slams Shehbaz Sharif in national assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.