ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കി ബലൂചിസ്താൻ, ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യകളിൽ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടന്ന പശ്ചാത്തലത്തിൽ ഉന്നത തല സുരക്ഷ യോഗം വിളിച്ച് പാകിസ്താൻ സർക്കാർ.
പ്രധാനമന്ത്രി ശഹബാസ് ഷരീഫിന്റെ നിർദേശ പ്രകാരം നാഷനൽ അസംബ്ലി സ്പീക്കർ അയാസ് സാദിഖ് വിളിച്ച യോഗത്തിൽ സൈനിക മേധാവി ജനറൽ അസീം മുനീറും മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവിശ്യ മുഖ്യമന്ത്രിമാരും ഗവർണർമാരും പങ്കെടുത്തു.
അതേസമയം, ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാർട്ടി പി.ടി.ഐ യോഗം ബഹിഷ്കരിച്ചു. പാർലമെന്റ് സമിതി യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും രാജ്യത്തെ സുരക്ഷ സാഹചര്യങ്ങളെക്കുറിച്ച് സൈനിക നേതൃത്വം വിശദീകരണം നൽകിയതായാണ് വിവരം.
യോഗത്തിലേക്ക് ഇംറാൻ ഖാനെ നേരിട്ട് വിളിക്കണമെന്ന പി.ടി.ഐ ആവശ്യം സർക്കാർ തള്ളിയതോടെയാണ് ബഹിഷ്കരണം. പി.ടി.ഐയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ തെഹ്രീക് തഹഫൂസ്- ഇ- അയീൻ പാകിസ്താൻ (ടി.ടി.എ.പി) യും യോഗത്തിൽനിന്ന് വിട്ടുനിന്നു. ഇംറാൻ ഖാനെ ക്ഷണിക്കേണ്ടതായിരുന്നെന്നും അദ്ദേഹമില്ലാതെ ഒരു യോഗത്തിനും പ്രാധാന്യമില്ലെന്നും ടി.ടി.എ.പി തലവൻ മഹമൂദ് ഖാൻ അചക്സായ് പറഞ്ഞു. പാർലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കുകയാണ് വേണ്ടതെന്നും എല്ലാവർക്കും സംസാരിക്കാൻ അവസരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമാബാദ്: ബലൂചിസ്താനിൽ ട്രെയിൻ തട്ടിക്കൊണ്ടുപോകൽ അടക്കം സമീപകാലത്ത് നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ അഫ്ഗാനിസ്താൻ സർക്കാറിനെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ച് പാകിസ്താൻ. അഫ്ഗാനിസ്താൻ നയതന്ത്ര കാര്യാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫിസിലേക്ക് നേരിട്ട് വിളിച്ചുവരുത്തിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബന്നു കന്റോൺമെന്റ് ഉൾപ്പെടെ ആക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാരുടെ പങ്കാളിത്തത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച വിദേശകാര്യ മന്ത്രാലയം, കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടതായി എക്സ്പ്രസ് ട്രൈബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തിയ കാര്യത്തെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
മാർച്ച് 11ന് നാനൂറിലേറെ യാത്രക്കാരുള്ള ജാഫർ എക്സ്പ്രസ് ട്രെയിൻ തട്ടിക്കൊണ്ടുപോയ ബലൂച് ലിബറേഷൻ ആർമിക്ക് (ബി.എൽ.എ) അഫ്ഗാനിലെ തെഹരീകെ താലിബാൻ പാകിസ്താൻ (ടി.ടി.പി) സംഘവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചിരുന്നു. അതേസമയം, പാകിസ്താന്റെ ആരോപണം നിഷേധിച്ച താലിബാൻ സർക്കാർ, ബി.എൽ.എയുമായി ബന്ധമില്ലെന്നും അഫ്ഗാനിസ്താനിൽനിന്നല്ല പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.