വാഷിങ്ടൺ: ചൈനീസ് നിർമിത ആയുധങ്ങൾ ഇറാനിലേക്ക് കടത്താൻ പാകിസ്താൻ ഇടനിലക്കാരാകുന്നുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് പാക് സൈന്യം. ചൈനയുമായി നയപരമായ അടുപ്പം തുടരുമ്പോഴും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രീതി പിടിച്ചുപറ്റാൻ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾക്കിടയിലാണ് പുതിയ വിവാദം. ഇറാനും യു.എസിനുമിടയിലെ പാലമാണ് തങ്ങളെന്ന നിലപാടാണ് പാകിസ്താൻ ഔദ്യോഗികമായി ഉയർത്തിക്കാട്ടുന്നത്.
ചൈനയിൽ നിർമ്മിച്ച നാനൂറിലധികം ഷോൾഡർ ഫയേർഡ് വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ പാകിസ്താൻ വഴി ഇറാനിലേക്ക് എത്തിക്കുന്നുവെന്ന വാർത്തകളോട് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഐ.എസ്.പി.ആർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. "ഇത്തരത്തിലുള്ള എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണ്. ഇത്തരം പ്രചാരണങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു," ഐ.എസ്.പി.ആർ വ്യക്തമാക്കി. തുർക്കിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അസർബൈജാൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അമേരിക്കയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന ഇറാനിലേക്ക്, ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ആദ്യ കയറ്റുമതി ഏതാനും ആഴ്ചകൾക്കുള്ളിൽ എത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പാകിസ്താന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്.
പടിഞ്ഞാറൻ ചൈനയിലെ ഉറുങ്ചിയിൽ നിന്നും പാകിസ്താൻ വഴി ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാനാണ് പദ്ധതിയെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഇത് വ്യോമമാർഗമാണോ കരമാർഗമാണോ എന്ന് വ്യക്തമാക്കിയിരുന്നില്ല. അമേരിക്കയുടെ ആയുധ ശേഖരം കുറഞ്ഞുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സംഭവം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.