‘നാസ’ ഡോക്യുമെന്ററിക്കെതിരെ നിയമനടപടിയുമായി ഐ.ഡി.എഫ് മേധാവി; രഹസ്യരേഖകൾ ചോർന്നതിൽ അന്വേഷണം പ്രഖ്യാപിച്ചു

തെൽ അവീവ്: ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടികളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തിയ കൂട്ടക്കൊലകളെ കുറിച്ച് പരാമർശിക്കുകയും ചെയ്ത ‘നാസ’ ഡോക്യുമെന്ററിക്കെതിരെ നിയമനടപടികളുമായി ഇസ്രായേൽ പ്രതിരോധ സേനാ മേധാവി (​ഐ.ഡി.എഫ്) ലെഫ്റ്റനന്റ് ജനറൽ ഐയാൽ സമിർ ഉത്തരവിട്ടു. സിനിമ നിർമാണത്തിനായി ഉപയോഗിച്ച രേഖകളും വിവരങ്ങളും ചോർന്നതിനെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്താനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. വെനീസ്‌ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഈ ചിത്രം, സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വ്യാജ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ഐ.ഡി.എഫ് മേധാവി കുറ്റപ്പെടുത്തി.

ഈ ഡോക്യുമെന്ററി വിമർശനമല്ലെന്നും മറിച്ച് സൈന്യത്തിനെതിരെയുള്ള ബോധപൂർവ്വമായ ദുഷ്പ്രചാരണവും ‘രക്തക്കറ പുരണ്ട ആരോപണം’ ആണെന്നും ലെഫ്റ്റനന്റ് ജനറൽ ഐയാൽ സമിർ വിശേഷിപ്പിച്ചു. സൈനികരെയും കമാൻഡർമാരെയും ലക്ഷ്യമിട്ടുള്ള ഈ നീക്കം രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയാണെന്ന് ഐ.ഡി.എഫ് മേധാവി മുന്നറിയിപ്പ് നൽകി. വ്യാജ ആരോപണങ്ങളെ നേരിടാൻ മിലിട്ടറി അഡ്വക്കേറ്റ് ജനറലിനോട് സാധ്യമായ എല്ലാ നിയമനടപടികളും പരിശോധിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ സിനിമയുടെ ട്രെയിലർ മാത്രമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളതെന്നും, മുഴുവൻ ചിത്രവും കാണാൻ തങ്ങളെ അനുവദിക്കണമെന്നും ഐ.ഡി.എഫ് വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ ആവശ്യപ്പെട്ടിട്ടുണ്ട്. വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ സൈന്യം തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ സൈന്യം എ.ഐ സംവിധാനങ്ങൾ ഉപയോഗിച്ച് മുൻകൂട്ടി തയാറാക്കിയ കൂട്ടക്കൊലകൾ നടത്തുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് ഈ 80 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററി. ഇസ്രായേലിന്റെ 24 സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ചിത്രത്തിലുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണത്തെ സൂചിപ്പിക്കാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം ഉപയോഗിക്കുന്ന 'നാസ' എന്ന ചുരുക്കപ്പേരാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം മൂന്ന് വർഷത്തെ കഠിനമായ അന്വേഷണത്തിനൊടുവിലാണ് യുവൽ അബ്രഹാം, റേച്ചൽ സോർ എന്നിവർ ചേർന്ന് ഈ ചിത്രം തയാറാക്കിയിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങൾ ഉൾപ്പെടെയുള്ള വീടുകൾ തകർക്കുന്നത് ബോധപൂർവ്വമായ നടപടിയാണെന്ന് ചിത്രത്തിലെ അഭിമുഖങ്ങൾ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ ചിത്രത്തിലെ വിവരങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേൽ പ്രതിരോധ സേന ശക്തമായി പ്രതികരിച്ചു. ഗസ്സയിലെ ഒരു ആക്രമണത്തിൽ 500 സിവിലിയൻമാർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ട് സൈന്യം ഒരിക്കലും പദ്ധതിയോ അനുമതിയോ നൽകിയിട്ടില്ലെന്നും, ചിത്രത്തിലെ ഇത്തരം അവകാശവാദങ്ങൾ പൂർണമായും വ്യാജമാണെന്നും ഐ.ഡി.എഫ് അവകാശപ്പെട്ടു. കൂടാതെ ഹമാസ് ഫലസ്തീനികളെ മനുഷ്യകവചങ്ങളായി ഉപയോഗിക്കുകയാണെന്നും ഇസ്രായേൽ ആവർത്തിച്ച് അവകാശപ്പെട്ടു. ഇതിനിടയിൽ, ചിത്രത്തിന്റെ സംവിധായകരായ യുവൽ അബ്രഹാമി​ന്റെയും റേച്ചൽ സോറിന്റെയും പൗരത്വം റദ്ദാക്കു​മെന്ന് സാംസ്കാരിക മന്ത്രി മിരി സോഹർ പറഞ്ഞിരുന്നു. കൂടാതെ സിനിമയിലെ അണിയറപ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേലിലെ ചില രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - IDF chief floats legal action against ‘NAZA’ film, orders probe of leaked material

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.