പഠനശേഷം ന്യൂസിലൻഡിൽ തുടരാം; വിദേശ വിദ്യാർഥികൾക്ക് ആറുമാസത്തെ പുതിയ വർക്ക് വിസ
വെല്ലിങ്ടൺ: ന്യൂസിലൻഡിൽ പഠനം പൂർത്തിയാക്കുന്ന വിദേശ വിദ്യാർഥികൾക്ക് വലിയ ആശ്വാസമായി പുതിയ വർക്ക് വിസ പ്രഖ്യാപനം. യോഗ്യരായ അന്താരാഷ്ട്ര ബിരുദധാരികൾക്ക് പഠനത്തിന് ശേഷം ആറ് മാസം വരെ രാജ്യത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന പുതിയ വിസ 2026 നവംബർ 16 മുതൽ പ്രാബല്യത്തിൽ വരും.
അപേക്ഷകൾ നവംബർ 16 മുതൽ സ്വീകരിച്ച് തുടങ്ങും.'ഷോർട്ട്-ടേം ഗ്രാജുവേറ്റ് വർക്ക് വിസ' എന്ന് പേരിട്ടിരിക്കുന്ന ഈ വിസ, ന്യൂസിലൻഡിൽ യോഗ്യതയുള്ള കോഴ്സുകൾ പൂർത്തിയാക്കിയെങ്കിലും നിലവിലുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസക്ക് യോഗ്യത നേടാത്ത ബിരുദധാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. ഇമിഗ്രേഷൻ ന്യൂസിലൻഡ് അറിയിച്ചതനുസരിച്ച്, ബിരുദധാരികൾക്ക് തൊഴിൽ കണ്ടെത്താനും ദീർഘകാല വർക്ക് വിസയിലേക്ക് മാറാനുള്ള സാധ്യതകൾ തേടാനും ഈ പുതിയ പാത സമയം നൽകും.
പുതിയ വിസ ഓപ്പൺ വർക്ക് അവകാശങ്ങൾ നൽകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതായത്, യോഗ്യരായ വിസ ഉടമകൾക്ക് ന്യൂസിലൻഡിലെ ഏത് തൊഴിലുടമക്ക് വേണ്ടിയും ജോലി ചെയ്യാം. അപേക്ഷിക്കുന്നതിന് മുൻകൂട്ടി ജോബ് ഓഫർ ഉണ്ടായിരിക്കണമെന്ന നിബന്ധനയില്ല. എന്നാൽ എല്ലാ അന്താരാഷ്ട്ര വിദ്യാർഥികൾക്കും ഈ വിസ ലഭിക്കില്ല.
ആർക്കൊക്കെ അപേക്ഷിക്കാം?
ന്യൂസിലൻഡ് ക്വാളിഫിക്കേഷൻസ് ആൻഡ് ക്രെഡൻഷ്യൽസ് ഫ്രെയിംവർക്ക് (NZQCF) ലെവൽ 5, 6 അല്ലെങ്കിൽ 7 യോഗ്യത ന്യൂസിലൻഡിൽ പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാൻ കഴിയുക.യോഗ്യത കുറഞ്ഞത് 24 ആഴ്ച ന്യൂസിലൻഡിൽ മുഴുവൻ സമയ പഠനത്തിലൂടെ നേടിയതായിരിക്കണം.
ഈ യോഗ്യത പോസ്റ്റ്-സ്റ്റഡി വർക്ക് വിസക്ക് യോഗ്യത നൽകുന്നതായിരിക്കരുത്. ഇംഗ്ലീഷ് ഭാഷാ കോഴ്സുകൾ, ഫൗണ്ടേഷൻ, ബ്രിഡ്ജിങ് യോഗ്യതകൾ എന്നിവ പരിഗണിക്കില്ല.അപേക്ഷകർക്ക് താമസകാലത്തെ ചെലവുകൾക്കായി കുറഞ്ഞത് 5,000 ന്യൂസിലൻഡ് ഡോളർ കൈവശം ഉണ്ടായിരിക്കണം.ന്യൂസിലൻഡിന്റെ ആരോഗ്യ, സ്വഭാവ നിബന്ധനകൾ പാലിക്കണം.സ്റ്റുഡന്റ് വിസ കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളിൽ അപേക്ഷിക്കണം. ഈ വിസ ഒരാൾക്ക് ഒരിക്കൽ മാത്രമേ അനുവദിക്കൂ. ഇത് നീട്ടാനോ പുതുക്കാനോ സാധിക്കില്ല.
ആറ് മാസത്തിന് ശേഷം എന്ത് സംഭവിക്കും?
ദീർഘകാല പോസ്റ്റ്-സ്റ്റഡി വർക്ക് പാതയായിട്ടല്ല, ഒരു പാലമായിട്ടാണ് ഈ വിസ ഉദ്ദേശിക്കുന്നത്. ആറ് മാസ കാലയളവിൽ ബിരുദധാരികൾക്ക് തൊഴിൽ തേടാം, യോഗ്യതയുണ്ടെങ്കിൽ ന്യൂസിലൻഡിന്റെ അക്രെഡിറ്റഡ് എംപ്ലോയർ വർക്ക് വിസ പോലുള്ള മറ്റ് വർക്ക് വിസകളിലേക്ക് മാറാം. ഈ വിസ ഉടമകൾക്ക് സ്വന്തമായി ബിസിനസ് നടത്താനോ സ്വന്തമാക്കാനോ അനുവാദമില്ല. തൊഴിൽ കരാർ പ്രകാരമായിരിക്കണം ജോലി ചെയ്യേണ്ടത്.
യോഗ്യത നേടുന്ന ബിരുദധാരികൾക്ക് കൂടുതൽ വിപുലമായ അവസരമാണ് നിലവിലുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് വിസ നൽകുന്നത്. യോഗ്യതക്ക് അനുസരിച്ച് മൂന്ന് വർഷം വരെ ന്യൂസിലൻഡിൽ താമസിച്ച് ജോലി ചെയ്യാൻ ഇത് അനുവദിക്കും. പുതുക്കിയ നിയമങ്ങൾ പ്രകാരം, യോഗ്യരായ ലെവൽ 8 പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ബിരുദധാരികൾക്ക് ഒരു വർഷം വരെയും, യോഗ്യരായ മാസ്റ്റേഴ്സ് ബിരുദധാരികൾക്ക് മൂന്ന് വർഷം വരെയും പോസ്റ്റ്-സ്റ്റഡി തൊഴിൽ അവകാശം ലഭിക്കും. അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനും ബിരുദധാരികളുടെ പാതകളെ രാജ്യത്തിന്റെ നൈപുണ്യ ആവശ്യങ്ങളുമായി യോജിപ്പിക്കാനുമാണ് ഈ മാറ്റങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.