സൽമാൻ ഖാൻ 

സൽമാൻ ഖാനെ ഭീകരവാദിയായി പ്രഖ്യാപിച്ച് പാകിസ്താൻ

റിയാദിൽ നടന്ന ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാകിസ്താനെയും വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ച ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ പ്രതിഷേധം.

സൽമാനെ ഭീകരവാദിയായി പാകിസ്താൻ പ്രഖ്യാപിച്ചതായാണ് പുതിയ റിപ്പോർട്ട്. 1997ലെ പാകിസ്താൻ തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം പട്ടികയിൽ ഉൾപ്പെടുത്തിയാണ് നടനെ ഭീകരവാദിയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരവാദ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെയും അത്തരം സംഘടനകളുമായി ബന്ധമുള്ളവരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്. റിയാദിൽ കഴിഞ്ഞയാഴ്ച നടന്ന ‘ജോയ് ഫോറം 2025’ പരിപാടിയിൽ ‘മധ്യപൂർവദേശത്ത് ഇന്ത്യൻ സിനിമ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സൽമാൻ പാകിസ്താനെയും രാജ്യത്തെ ഒരു പ്രവിശ്യയായ ബലൂചിസ്താനെയും പ്രത്യേകം രാജ്യങ്ങളായി പരാമർശിച്ചത്. ഷാറൂഖ് ഖാൻ, അമീർ ഖാൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

‘ഒരു ഹിന്ദി സിനിമ നിർമിക്കുകയും സൗദി അറേബ്യയിൽ റിലീസ് ചെയ്യുകയും ചെയ്താൽ ഇപ്പോൾ സൂപ്പർ ഹിറ്റാകും. അതുപേലെ തമിഴ്, തെലുങ്ക്, മലയാളം സിനിമ റിലീസ് ചെയ്താലും നൂറു കോടി ലഭിക്കും. കാരണം മറ്റു രാജ്യങ്ങളിൽനിന്ന് നിരവധി പേരാണ് സൗദിയിലേക്ക് വരുന്നത്. ഇവിടെ ബലൂചിസ്താനിൽനിന്നുള്ളവരുണ്ട്, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരുണ്ട്, പാകിസ്താനിൽ നിന്നുള്ളവരുണ്ട്...എല്ലാ രാജ്യക്കാരും ഇവിടെ ജോലിയെടുക്കുന്നുണ്ട്’ -സൽമാൻ പറഞ്ഞു.

നടന്‍റെ ഈ വാക്കുകളാണ് പാകിസ്താൻ സർക്കാറിനെ ചൊടിപ്പിച്ചത്. ബലൂചിസ്താന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടുന്ന സംഘടനകൾ സൽമാന്‍റെ വാക്കുകളെ സ്വാഗതം ചെയ്ത് രംഗത്തുവന്നു. സൽമാന്‍റെ പരാമർശം ആറു കോടി ബാലൂചികളെ സന്തോഷിപ്പിച്ചെന്നും പല രാജ്യങ്ങളും പറയാൻ മടിക്കുന്ന കാര്യമാണ് നടൻ ചെയ്തതെന്നും ബലൂച് പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനായി വാദിക്കുന്ന മിർ യാർ ബലൂച് പ്രതികരിച്ചു.

പല രാജ്യങ്ങളും ചെയ്യാൻ മടിക്കുന്ന കാര്യം ചെയ്തതിന് അദ്ദേഹം നടനെ പ്രശംസിച്ചു. ബലൂചിസ്താനെ ഒരു പ്രത്യേക രാഷ്ട്രമായി ആഗോളതലത്തിൽ അംഗീകരിക്കുന്നതിനും ജനങ്ങളുടെ ഹൃദയങ്ങളെ ബന്ധിപ്പിക്കാനും സഹായിക്കുന്ന ശക്തമായ നയതന്ത്ര നടപടിയാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ബലൂചികൾ പാർക്കുന്ന പാകിസ്താൻ പ്രവിശ്യയാണ് ബലൂചിസ്താൻ. വിസ്തൃതിയിൽ പാകിസ്താനിലെ ഏറ്റവുംവലിയ പ്രവിശ്യയാണിത്. സ്വതന്ത്ര ബലൂചിസ്താനായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ബലൂച് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Pakistan Declares Actor Salman Khan 'Terrorist'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.