പെഷാവർ: ക്ഷേത്രം ആക്രമിച്ച സംഭവത്തിൽ പാകിസ്താനിൽ 30ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ 350ലേറെ പേർക്കെതിരെ കേസെടുത്തതായി പ്രവിശ്യ പൊലീസ് തലവൻ കെ.പി.കെ. സനാഉല്ല അബ്ബാസി പറഞ്ഞു.
ഖൈബർ പഖ്തൂൺഖ്വയിലെ കറകിലുള്ള പരമഹംസ ജി മഹാരാജിെൻറ സമാധിസ്ഥലമുൾക്കൊള്ളുന്ന ക്ഷേത്രത്തിന് നേരെ ബുധനാഴ്ചയാണ് ആക്രമണമുണ്ടായത്. തീവ്രവാദി സംഘടനയായ ജംഇയ്യതുൽ ഉലമായെ ഇസ്ലാം നേതാവ് റഹ്മത്ത് സലാം ഖട്ടക് അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തിെൻറ വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമത്തിന് പിന്നിൽ. സമാധിസ്ഥലവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി വിവാദം നിലനിൽക്കുന്നുണ്ട്. 1997 വരെ ദർശനം നടന്ന ക്ഷേത്രത്തിന് ഒരുപറ്റമാളുകൾ കേടുവരുത്തിയിരുന്നു. എന്നാൽ ക്ഷേത്രദർശനം പുനരാരംഭിക്കാനും പുനർനിർമിക്കാനും ഖൈബർ പഖ്തൂൺഖ്വ സർക്കാറിന് 2014ൽ പാക് സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.
സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് ജനുവരി അഞ്ചിന് കോടതി മുമ്പാകെ വിശദീകരണം നൽകാൻ അധികൃതർക്ക് നിർദേശം നൽകിയതായി പാകിസ്താൻ ഹിന്ദു കൗൺസിൽ തലവൻ രമേശ് കുമാർ വെങ്ക്വാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.