ലാഹോർ: ചർച്ചുകൾക്കുനേരെ ആക്രമണം നടത്തിയ സംഭവത്തിൽ 60 പേരെക്കൂടി അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ 21 ചർച്ചുകൾക്കുനേരെയാണ് കഴിഞ്ഞയാഴ്ച ആക്രമണം നടന്നത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം 200 കടന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മതനിന്ദാ ആരോപണമുയർത്തിയാണ് ഫൈസലാബാദ് ജില്ലയിലെ ജറൻവാലയിൽ ചർച്ചുകൾക്കും ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരുടെ വീടുകൾക്കുംനേരെ ആക്രമണമുണ്ടായത്. ഒരു ക്രിസ്ത്യൻ സെമിത്തേരിയും പ്രദേശത്തെ അസി. കമീഷണറുടെ ഓഫിസും ആക്രമിക്കപ്പെട്ടു. സംഭവത്തിന് തൊട്ടുപിന്നാലെ സംശയിക്കപ്പെടുന്ന 145 പേരെ അറസ്റ്റ് ചെയ്തിരുന്നു.
വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് പുതുതായി 60 പേരെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പൊലീസ് ഇൻസ്പെക്ടർ ജനറൽ ഡോ. ഉസ്മാൻ അൻവർ പറഞ്ഞു. പ്രതികൾക്കെതിരായ തെളിവുകൾ തീവ്രവാദവിരുദ്ധ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തകർക്കപ്പെട്ട ചർച്ചുകൾ പുനരുദ്ധരിക്കുമെന്ന പഞ്ചാബിലെ കാവൽ സർക്കാറിന്റെ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ലെന്ന് പാകിസ്താൻ സെന്റർ ഫോർ ലോ ആൻഡ് ജസ്റ്റിസ് പ്രതിനിധി നെപ്പോളിയൻ ഖയ്യൂം പറഞ്ഞു. വീടുകൾ തകർക്കപ്പെട്ടവരിൽ കുറച്ചുപേർക്കു മാത്രമാണ് നഷ്ടപരിഹാരത്തുകക്കുള്ള ചെക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.