പൊലീസ് വെടിവെപ്പിൽ 17കാരന്റെ മരണം: പാരീസ് നഗരത്തിൽ വ്യാപക അക്രമം

പാരീസ്: നഗരത്തിലെ നാന്ററെയിൽ 17 വയസ്സുള്ള ഡെലിവറി ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതിൽ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി. നഗരത്തിൽ ബാരിക്കേഡുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിടുകയും പോലീസ്  കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടി. പ്രാദേശിക മാധ്യമങ്ങളിൽ പ്രക്ഷേപണം ചെയ്ത വീഡിയോകൾ പ്രകാരം, പൊലീസും പ്രകടനക്കാരും തമ്മിൽ രൂക്ഷമായ സംഘട്ടനമാണ് നടന്നത്.

ചൊവ്വാഴ്ച പുലർച്ചെ പടിഞ്ഞാറൻ പാരീസിൽ 17 വയസ്സുള്ള ഡെലിവറി ഡ്രൈവറെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നതായി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഭിഭാഷകരാണ് ആദ്യം പറയുന്നത്. പിന്നീട് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രാഫിക് നിയമലംഘനം നടത്തിയ കാർ രണ്ട് പൊലീസുകാർ തടയാൻ ശ്രമിക്കുന്നതും തോക്കുചൂണ്ടിയിട്ടും നിർത്താതിരുന്ന കാറിലേക്ക് പൊലീസുകാരൻ നിറയൊഴിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

എന്നാൽ, കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ നരഹത്യക്കുറ്റത്തിന് അറസ്റ്റ് ചെയ്തതായി നാന്ററെ പ്രോസിക്യൂട്ടർ ഓഫീസ് അറിയിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്തു വരികയാണെന്നും സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഫ്രാൻസ് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പാർലമെന്റിൽ പറഞ്ഞു.

അതേ സമയം, കൊലപാതകദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജനം രോഷാകുലരായി തെരുവിലിറങ്ങുകയായിരുന്നു. ട്രാഫിക് നിയമലംഘനങ്ങളെ തുടർന്ന് പൊലീസ് വെടിവെപ്പിൽ മരണം സംഭവിക്കുനനത് പാരീസിൽ പുതിയ സംഭവമല്ല. കഴിഞ്ഞ വർഷങ്ങളിലും സമാനരീതിയിലുള്ള വെടിവെപ്പുകൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്.

Tags:    
News Summary - Outrage in France after police shoot 17-year-old in Paris suburb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.