പീറ്റർ മഗ്യാർ

ഹംഗറിയിൽ ഓർബൻ യുഗത്തിന് അന്ത്യം: പീറ്റർ മഗ്യാറിന് ചരിത്ര വിജയം

ബുഡാപെസ്റ്റ്: ഹംഗറിയിൽ 16 വർഷം നീണ്ടുനിന്ന വിക്ടർ ഓർബന്റെ ഭരണത്തിന് അപ്രതീക്ഷിത അന്ത്യം. മുമ്പ് ഓർബന്റെ വിശ്വസ്തനായിരുന്ന പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള ടിസ്സ (Tisza) പാർട്ടി പൊതുതെരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ഹംഗറിയുടെ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് (79.5%) രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ, 199 സീറ്റുകളിൽ 138 എണ്ണവും സ്വന്തമാക്കിയാണ് മഗ്യാർ അധികാരം പിടിച്ചെടുത്തത്.

‘നമ്മൾ ഒരുമിച്ച് ഹംഗറിയിലെ പഴയ ഭരണകൂടത്തെ താഴെയിറക്കി. ഹംഗറിയുടെ ചരിത്രത്തിൽ ഇത്രയും വലിയൊരു ജനവിധി മറ്റൊരു പാർട്ടിക്കും ലഭിച്ചിട്ടില്ല’-വിജയവാർത്ത പുറത്തുവന്നതോടെ തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് പീറ്റർ മഗ്യാർ പറഞ്ഞു

നാല് തവണ തുടർച്ചയായി വൻ ഭൂരിപക്ഷത്തോടെ ഭരണം നടത്തിയ വിക്ടർ ഓർബന്റെ പതനം മിനിറ്റുകൾക്കുള്ളിലാണ് സംഭവിച്ചത്. 98% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഓർബന്റെ ഫിഡെസ് (Fidesz) പാർട്ടി വെറും 55 സീറ്റുകളിലേക്ക് ഒതുങ്ങി. വോട്ടെണ്ണൽ പുരോഗമിക്കവെ തന്നെ പരാജയം സമ്മതിച്ച ഓർബൻ, മഗ്യാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ‘തെരഞ്ഞെടുപ്പ് ഫലം വ്യക്തവും വേദനാജനകവുമാണ്’ എന്ന് ഓർബൻ പ്രതികരിച്ചു.

വർഷങ്ങളായി ഭരണകൂടത്തിൽ നിലനിന്നിരുന്ന അഴിമതിയും സ്വജനപക്ഷപാതവുമാണ് ജനങ്ങളെ ഓർബനെതിരാക്കിയത്. ഭരണകക്ഷിയുമായി അടുത്തവർക്ക് മാത്രം ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ അവസാനിപ്പിക്കും, കോടതികളുടെയും മാധ്യമങ്ങളുടെയും സ്വതന്ത്ര്യം വീണ്ടെടുക്കും, ഓർബൻ ഭരണത്തിന് കീഴിൽ വഷളായ ഇ.യു ബന്ധം മെച്ചപ്പെടുത്തും, തകർച്ചയിലായ ഈ മേഖലകളിൽ സമഗ്രമായ പരിഷ്കാരങ്ങൾ കൊണ്ടുവരും. ടിസ്സ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ ഇവയാണ്.

പീറ്റർ മഗ്യാറിന്റെ വിജയത്തെ പോളിഷ് പ്രധാനമന്ത്രി ഡോണാൾഡ് ടസ്ക് ഉൾപ്പെടെയുള്ള യൂറോപ്യൻ നേതാക്കൾ സ്വാഗതം ചെയ്തു. ഓർബൻ പുടിനുമായി പുലർത്തിയിരുന്ന അടുത്ത ബന്ധത്തിൽ യൂറോപ്യൻ രാജ്യങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഹംഗറിയുടെ 1848ലെ വിപ്ലവത്തോടും 1956ലെ സോവിയറ്റ് വിരുദ്ധ പ്രക്ഷോഭത്തോടുമാണ് മഗ്യാർ ഈ വിജയത്തെ ഉപമിച്ചത്. വരും ദിവസങ്ങളിൽ മഗ്യാർ ഭരണഘടന തിരുത്തി എഴുതാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Orbán era swept away by Péter Magyar's Hungary election landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.