റാവൽപിണ്ടി: ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന 'ഓപറേഷൻ സിന്ദൂർ' സൈനിക സംഘർഷത്തിന്റെ ഒന്നാം വാർഷികത്തിൽ ഇന്ത്യക്കെതിരെ പ്രകോപനപരമായ പുതിയ യുദ്ധഭീഷണിയുമായി പാക് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ രംഗത്ത്. ഇന്ത്യയിൽ നിന്ന് ഇനിയൊരു സൈനിക നീക്കമുണ്ടായാൽ അത് വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും യുദ്ധം അതിർത്തികളിൽ മാത്രം ഒതുങ്ങിനിൽക്കില്ലെന്നുമാണ് പാകിസ്താന്റെ ഭീഷണി.
മേയ് 10-ന് റാവൽപിണ്ടിയിലെ പാക് സൈനിക ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് അസിം മുനീർ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയത്. ഓപറേഷൻ സിന്ദൂറിലേറ്റ കനത്ത തിരിച്ചടിക്ക് ശേഷം ജനറൽ അസിം മുനീർ ഇന്ത്യക്കെതിരെ നടത്തുന്ന നാലാമത്തെ പരസ്യ ഭീഷണിയാണിത്. ഭാവിയിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ പാകിസ്താന്റെ തിരിച്ചടി "വ്യാപകവും അപകടകരവും വേദനാജനകവുമായിരിക്കും" എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം നടന്ന സംഘർഷത്തെ 'മാർക്ക-ഇ-ഹഖ്' (സത്യത്തിനായുള്ള പോരാട്ടം) എന്ന് വിശേഷിപ്പിച്ച പാക് സൈനിക മേധാവി, അന്ന് പാകിസ്താൻ തന്ത്രപരമായ വിജയം നേടിയെന്നാണ് അവകാശപ്പെട്ടത്. അന്ന് വെടിനിർത്തലിനായി ഇന്ത്യ അമേരിക്കയുടെ സഹായം തേടിയെന്ന വ്യാജ അവകാശവാദവും മുനീർ വീണ്ടും ആവർത്തിച്ചു.
2025 മേയ് ആദ്യവാരം ജമ്മു കശ്മീരിലെ പഹൽഗാമിൽ പാക് പിന്തുണയോടെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. മേയ് 7-ന് ആരംഭിച്ച ഈ സൈനിക നടപടിയിൽ ഇന്ത്യൻ വ്യോമസേനയും കരസേനയും പാകിസ്താന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർത്ത് അതിർത്തിക്കപ്പുറമുള്ള 9 പ്രധാന ഭീകരവാദ ക്യാമ്പുകൾ പൂർണ്ണമായി നശിപ്പിച്ചിരുന്നു.
13 പാക് യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ചിടുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. തുടർന്ന് മേയ് 10-ന് ഇരുരാജ്യങ്ങളുടെയും സൈനിക നേതൃത്വങ്ങൾ തമ്മിൽ നടത്തിയ ഹോട്ട്‌ലൈൻ ചർച്ചകൾക്കൊടുവിലാണ് സംഘർഷത്തിന് താൽക്കാലിക ശമനമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.