ജകാർത്ത: ഇന്തോനേഷ്യയിലെ ഏറ്റവും ഉയർന്ന ബഹുമതിയായ 'ബിൻതാങ് ആദിപൂർണ' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യയുടെ ഐക്യത്തിനും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകുന്നവർക്ക് നൽകുന്ന പുരസ്കാരമാണിത്. ജകാർത്തയിൽ നടന്ന ചടങ്ങിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയാണ് ബഹുമതി പ്രഖ്യാപിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ഭാഗമായാണ് പ്രധാനമന്ത്രി മോദി ജകാർത്തയിലെത്തിയത്. ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും മോദി സന്ദർശനം നടത്തും. ഇന്തോ-പസഫിക് മേഖലയിലെ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ നിർണായക മേഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ വിമാനം വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ മുതൽ ഇന്തോനേഷ‍്യന്‍ യുദ്ധവിമാനങ്ങൾ അദ്ദേഹത്തിന്റെ വിമാനത്തെ അനുഗമിച്ചിരുന്നു. വ്യോമസേനയുടെ എഫ്-16, സു-30 യുദ്ധവിമാനങ്ങളാണ് അകമ്പടി സേവിച്ചത്. പ്രസിഡന്റ് പ്രബോവോ സുബിയാന്തോയും നാല് മന്ത്രിമാരും ചേർന്ന് നേരിട്ടാണ് മോദിയെ സ്വീകരിച്ചത്.
സബാങ് തുറമുഖത്തിന്റെ സംയുക്ത വികസനമാണ് സന്ദർശനത്തിലെ സുപ്രധാനമായ നയതന്ത്ര തീരുമാനങ്ങളിലൊന്ന്. മലാക്ക കടലിടുക്കിലെ തന്ത്രപ്രധാനമായ ഈ തുറമുഖത്തിന്റെ വികസനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ ഇന്ത്യയുടെ സ്വാധീനം വർധിപ്പിക്കും. ആന്തമാൻ-നിക്കോബാർ ദ്വീപുകളോട് ചേർന്നുകിടക്കുന്നതിനാൽ സുരക്ഷാപരമായും ഈ പദ്ധതി ഇന്ത്യക്ക് നിർണായകമാണ്.
പ്രതിരോധ മേഖലയിൽ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം പുതിയ തലത്തിലേക്ക് ഉയരുകയാണ്. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകൾ കൂടുതൽ വാങ്ങാൻ ഇന്തോനേഷ്യ തീരുമാനിച്ചു. കൂടാതെ, ഡി.ആർ.ഡി.ഒ വികസിപ്പിച്ച അസ്‌ത്ര ബിയോണ്ട് വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ വാങ്ങുന്നതിനും ധാരണയായി. ഈ മിസൈലുകൾ ഇന്തോനേഷ്യയുടെ സു-30 യുദ്ധവിമാനങ്ങളിൽ എളുപ്പത്തിൽ ഘടിപ്പിക്കാൻ സാധിക്കും എന്നത് ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മേഖലയിലെ വലിയ നേട്ടമായി കണക്കാക്കപ്പെടുന്നു.
നിർണായക ധാതുക്കളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റീൽ, നിക്കൽ, അപൂർവ ഭൗമ ധാതുക്കൾ എന്നിവയുടെ ഉൽപ്പാദനത്തിനായി ഇന്ത്യ ഇന്തോനേഷ്യയിൽ നിക്ഷേപം നടത്തും. കൂടാതെ ഇന്തോനേഷ്യയുടെ ആവശ്യാനുസരണം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വികസിപ്പിക്കാനും ഇന്ത്യ സാങ്കേതിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.