ബരാക് ഒബാമ
വാഷിങ്ടൺ: ഹിൽട്ടൺ ഹോട്ടലിൽ വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ അമേരിക്കൻ രാഷ്ട്രീയ ലോകം കടുത്ത പ്രതിഷേധത്തിൽ. സംഭവത്തിൽ മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും രാജ്യത്ത് സമാധാനം നിലനിർത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
രാഷ്ട്രീയപരമായ ഭിന്നതകൾ പരിഹരിക്കാൻ അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് ഒബാമ പറഞ്ഞു. ‘ഒരു ജനാധിപത്യ രാജ്യത്തും അക്രമങ്ങൾക്ക് സ്ഥാനമില്ലെന്ന വസ്തുത നാം ഓരോരുത്തരും ഉറച്ചു വിശ്വസിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കലും കായികമായ ആക്രമണങ്ങളിലേക്ക് വഴിമാറരുത്’ അദ്ദേഹം ഓർമിപ്പിച്ചു. സംഭവസ്ഥലത്ത് ഉടനടി ഇടപെട്ട സീക്രട്ട് സർവീസ് ഏജന്റുമാരുടെ ധീരതയെ അദ്ദേഹം പ്രശംസിച്ചു. സ്വന്തം ജീവൻ പണയപ്പെടുത്തി രാജ്യത്തിന്റെ നേതാക്കളെ സംരക്ഷിക്കുന്ന ഏജന്റുമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിന് തൊട്ടുപിന്നാലെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സുരക്ഷാ സേനക്ക് നന്ദി അറിയിച്ചു. നിയമപാലകരുടെ കൃത്യസമയത്തുള്ള ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ വിദ്വേഷങ്ങൾ മാറ്റിവെച്ച് അമേരിക്കക്കാർ ഒന്നിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. റിപ്പബ്ലിക്കൻമാരോ ഡെമോക്രാറ്റുകളോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാകണം.വൈറ്റ് ഹൗസ് മാധ്യമപ്രവർത്തക സംഘടന ഒരുക്കിയ അത്താഴവിരുന്ന് അത്തരമൊരു ഒത്തുചേരലിന്റെ വേദിയായിരുന്നുവെന്നും അവിടെ പ്രകടമായ ഐക്യം തന്നെ ഏറെ സ്വാധീനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക പ്രസംഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, നടന്ന സംഭവത്തെ ഞെട്ടിപ്പിക്കുന്നത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അക്രമിയെ ഒരു ഭ്രാന്തൻ എന്ന് വിളിച്ച അദ്ദേഹം, സ്വാധീനശക്തിയുള്ള വ്യക്തികൾ എപ്പോഴും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് നിരീക്ഷിച്ചു. ‘പൊതുരംഗത്തെ നേതൃത്വം എന്നത് ഇപ്പോൾ വളരെ അപകടകരമായ ഒരു തൊഴിലായി മാറിയിരിക്കുന്നു. വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്ക് നേരെയാണ് എപ്പോഴും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത്’ ട്രംപ് പറഞ്ഞു. മുമ്പ് തനിക്ക് നേരെ നടന്ന വധശ്രമങ്ങളെയും അദ്ദേഹം ഈ അവസരത്തിൽ സൂചിപ്പിച്ചു.
31 വയസ്സുകാരനായ കോൾ തോമസ് അല്ലൻ എന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.