ബിന്യമിൻ നെതന്യാഹു, ഡോണൾഡ് ട്രംപ്

ഖത്തർ ആക്രമണം ബുദ്ധിപരമായ തീരുമാനമായിരുന്നില്ല; നെതന്യാഹുവിനെ അതൃപ്തിയറിയിച്ച് ട്രംപ്

വാഷിങ്ടൺ: ഇസ്രായേലിന്റെ ഖത്തർ ആക്രമണം ബുദ്ധിപരമായ തീരുമാനമായിരുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിളിച്ചാണ് ട്രംപ് നിലപാട് അറിയിച്ചത്. ആക്രമണത്തിൽ അതൃപ്തി അറിയിച്ച ട്രംപ് മേഖലയിൽ വലിയ പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, തനിക്ക് മുന്നിൽ ഇത​ല്ലാതെ മറ്റ് പോംവഴികളില്ലായിരുന്നുവെന്ന നിലപാട് ട്രംപിനെ നെതന്യാഹു അറിയിച്ചുവെന്നാണ് വിവരം. വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം തന്നെ രണ്ടാമതൊരു കോൾ കൂടി ട്രംപ് നെത്യാഹുവിനെ വിളിച്ചിട്ടുണ്ട്. ഇതിൽ ആക്രമണം വിജയകരമാണോയെന്ന ചോദ്യത്തിന് തനിക്കറിയില്ലെന്ന മറുപടി നെതന്യാഹു നൽകിയെന്നാണ് റിപ്പോർട്ട്. നെതന്യാഹുവിന്റെ ഏകപക്ഷീയമായ നടപടികളിൽ ട്രംപിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

മിഡിൽ ഈസ്റ്റിലെ യു.എസിന്റെ താൽപര്യങ്ങളെ പോലും ഹനിക്കുന്നതാണെന്ന് നെതന്യാഹുവിന്റെ നടപടികളെന്നും ട്രംപിന് വിമർശനമുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 3.50ന് ദോഹയിലെ ഹമാസ് നേതാക്കൾ തങ്ങിയ കെട്ടിടത്തിൽ 12 തവണയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. മുൻനിര നേതാക്കൾ രക്ഷപ്പെട്ട ആക്രമണത്തിൽ അഞ്ച് ഹമാസ് പ്രതിനിധികളും ഖത്തർ സുരക്ഷ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. നിരവധി സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഖത്തറിന്റെ സുരക്ഷക്ക് ഗുരുതര ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ കുറ്റപ്പെടുത്തിയിരുന്നു.

ഗസ്സ വെടിനിർത്തൽ ചർച്ചകളുടെ മധ്യസ്ഥ ദൗത്യങ്ങൾ അവസാനിപ്പിക്കില്ലെന്നും ഖത്തർ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‍യാൻ ദോഹയിലെത്തി. ഇതിന് പുറമെ, ജോർഡൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയും സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എത്തും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ ആക്രമണത്തെ അപലപിച്ചു.ഖത്തറിന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ പ്രതികരിച്ചു.

ആക്രമണത്തെ അപലപിച്ച ജർമനി എന്നാൽ ഇസ്രായേലിനുള്ള പിന്തുണയിൽ മാറ്റമില്ലെന്ന് അറിയിച്ചു. ആക്രമണത്തെ ഖത്തർ ശൂറ കൗൺസിൽ കടുത്ത ഭാഷയിൽ അപലപിച്ചു. ചതിയും ഭീരുത്വവും ക്രിമിനൽ മനസ്സുമാണ് ആക്രമണത്തിനുപിന്നിലെന്നും ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷക്കും നേരെയുള്ള കടന്നുകയറ്റമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇസ്രായേൽ തീവ്ര മന്ത്രിമാർക്ക് യൂറോപ്യൻ യൂനിയനു കീഴിലെ രാജ്യങ്ങളിൽ സമ്പൂർണ വിലക്കേർപ്പടുത്തുകയും വ്യാപാര നടപടികൾ പൂർണമായി അവസാനിപ്പിക്കുകയും ചെയ്യുന്ന നിർദേശമാണ് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൻ ഡെർ ലെയൻ മുന്നോട്ടുവെച്ചത്.

Tags:    
News Summary - Not wise: Trump rebukes Netanyahu over Hamas operation in Doha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.