ലോകമെമ്പാടും കടം ചോദിച്ചു നടക്കുന്നതിൽ ലജ്ജിക്കുന്നുവെന്ന് പാക്ക് പ്രധാനമന്ത്രി

ഇസ്‍ലാമാബാദ്: ലോകരാജ്യങ്ങൾക്ക് മുന്നിൽ സാമ്പത്തിക സഹായത്തിനായി കൈനീട്ടേണ്ടിവരുന്ന അവസ്ഥയിൽ അങ്ങേയറ്റം ലജ്ജിക്കുന്നുവെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്ച ഇസ്‍ലാമാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും സഹായം നൽകുന്ന രാജ്യങ്ങൾ മുന്നോട്ടുവെക്കുന്ന പല നിബന്ധനകളും തള്ളിക്കളയാൻ സാധിക്കാത്ത വിധം തങ്ങൾ വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാകുന്നുണ്ട്, അപ്പോൾ ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2008 മുതൽ പാകിസ്താന്റെ സാമ്പത്തികനില അസ്ഥിരമായി തുടരുകയാണ്. നിലവിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതിൽ സുഹൃദ് രാജ്യങ്ങളിൽനിന്നുള്ള കടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

നിലവിൽ കൊടുത്തുതീർക്കാനുള്ള കടം സംബന്ധിച്ച് ഐ.എം.എഫുമായി ചർച്ച നടത്തിവരികയാണ്. വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായത്തിന്റെയും ഭാഗമായി പാകിസ്താന് അടുത്തിടെ 1.2 ബില്യൺ ഡോളർ ഐ.എം.എഫിൽ നിന്ന് ലഭിച്ചിരുന്നു. പഴയ കടങ്ങൾ വീട്ടുന്നതിനും വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനും ഈ തുക സഹായിച്ചു.

വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മൂലധന ലഭ്യത ഉറപ്പാക്കാൻ ധനമന്ത്രാലയത്തിനും സെൻട്രൽ ബാങ്കിനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ബിസിനസ് രംഗത്തെ പ്രമുഖരുടെ നിർദേശങ്ങൾ കേൾക്കാനും ധീരമായ തീരുമാനങ്ങൾ എടുക്കാനും സ്റ്റേറ്റ് ബാങ്ക് ഗവർണർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിൽ പണപ്പെരുപ്പ ഭീഷണി നിലനിൽക്കുന്നതിനാൽ പലിശ നിരക്ക് 10.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിരിക്കുകയാണ്. വരുന്ന സാമ്പത്തിക വർഷത്തിൽ പാകിസ്താന്റെ ജി.ഡി.പി 3.75 ശതമാനം മുതൽ 4.75 ശതമാനം വരെ വളർച്ച കൈവരിക്കുമെന്നാണ് കരുതുന്നത്.

Tags:    
News Summary - Pakistan PM says he is ashamed of going around the world begging for loans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.