തിരുവനന്തപുരം: സംസ്ഥാനത്തിന് 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജടക്കം കേന്ദ്ര ബജറ്റിൽ വലിയ പ്രതീക്ഷയുമായി പതിവുപോലെ ഇക്കുറിയും കേരളം. അമേരിക്കൻ ഇറക്കുമതി നയത്തിലുണ്ടായ മാറ്റംമൂലം സമുദ്രോൽപന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടിപ്പരിപ്പ്, ടെക്സ്റ്റയിൽസ് എന്നിവയുടെ കയറ്റുമതിയിൽ വർഷം 2500 കോടി രൂപയുടെ വരുമാന നഷ്ടം കേരളത്തിനുണ്ട്. ജി.എസ്.ടി നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായി വാർഷിക വരുമാനത്തിൽ 8000 കോടി രൂപയുടെ കുറവുണ്ടാകുന്നു. ഇതെല്ലാം കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കാൻ മതിയായ കാരണങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പ് അവകാശപ്പെട്ടു. ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ വെട്ടിക്കുറവുകൾ പരിഹരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനിവാര്യമാക്കുന്നു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 60ൽനിന്ന് 75 ശതമാനമായി ഉയർത്തണമെന്ന ആവശ്യം കേരളം ഉന്നയിച്ചിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനം ബജറ്റിൽ ഇടംപിടുക്കുമോ എന്നതും ഉറ്റുനോക്കുകയാണ്. റെയിൽ കണക്ടിവിറ്റി, തുറമുഖവുമായി ചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്, സീ ഫുഡ് പാർക്ക്, ലോജസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിങ് സെന്റർ എന്നീ പദ്ധതികൾ കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. നെല്ല് സംഭരണം കാര്യക്ഷമമാക്കാനും ആധുനിക നെല്ല് സംഭരണ കേന്ദങ്ങളും മില്ലുകളും സ്ഥാപിക്കുന്നതിന് സപ്ലൈകോക്ക് 2000 കോടി രൂപ സഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
* കേരളത്തിന്റെ വായ്പാപരിധി അര ശതമാനംകൂടി ഉയർത്തണം.
* ജി.എസ്.ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണം.
* കശുവണ്ടി-കയർ-കൈത്തറി വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ് പ്രഖ്യാപിക്കണം.
* അംഗൻവാടി, ആശ ഉൾപ്പെടെ സ്കീം വർക്കർമാരുടെ വേതനം ഉയത്തണം.
* ക്ഷേമ പെൻഷൻ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതി, പാവപ്പെട്ടവർക്ക് വീടുവെക്കൽ തുടങ്ങിയ പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം ഉയർത്തണം.
* മനുഷ്യ-വന്യമൃഗ സംഘർഷം കുറക്കാനും ക്യഷിനാശം തടയാനുമുള്ള പദ്ധതികൾക്കായി 1000 കോടിയുടെ പ്രത്യേക സഹായം.
* 1000 കോടി രൂപ റബർ വിലസ്ഥിരത ഫണ്ട് രൂപവത്കരിക്കണം.
* തോട്ടവിളകളുടെ മേഖലയിൽ പ്രവർത്തിക്കുന്ന ബോർഡുകളുടെ ബജറ്റ് വിഹിതം ഉയർത്തണം.
* തേയില, കാപ്പി, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ മൂല്യവർധനവ്, ബ്രാൻഡിങ്, ജൈവകൃഷി രീതികൾ പ്രായോഗികമാക്കാനുള്ള ധനസഹായങ്ങൾ തുടങ്ങിയവക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കണം.
* കേരള നോൺ-റെസിഡന്റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡിന് കേന്ദ്ര ബജറ്റുവഴി ധനസഹായം ഉറപ്പാക്കണം.
* ജി.സി.സി മേഖലയിൽ തൊഴിൽ പ്രതിസന്ധി നേരിടുന്ന പ്രവാസികളെ നാട്ടിൽ പുനരധിവസിപ്പിക്കാനും സാമൂഹിക സുരക്ഷ ഉറപ്പാക്കാനും സംരംഭകത്വ സഹായം ലഭ്യമാക്കാനും പ്രത്യേക പാക്കേജ് അനുവദിക്കണം.
* കേരളത്തിനായി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഇടനാഴി പ്രഖ്യാപിക്കണം.
* റബർ അധിഷ്ഠിത എൻജിനീയറിങ്, ദക്ഷ്യസംസ്കരണം, സമുദ്രോൽപന്ന മൂല്യാധിഷ്ഠിത ശ്യംഖലകളുടെ ശാക്തീകരണത്തിന് പദ്ധതി പ്രഖ്യാപിക്കണം.
* ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഘടനപരമായ മാറ്റം ഉപേക്ഷിക്കണം.
* എം.എസ്.എം.ഇകളുടെ ശാക്തീകരണത്തിന് പദ്ധതി.
* ലോജിസ്റ്റിക് പാർക്കുകളും തീരദേശ ഷിപ്പിങ് സർവിസുകളും ആരംഭിക്കണം.
* ഇലക്ട്രിക് ബസ് സർവിസ് വ്യാപിപ്പിക്കണം.
* കുടുംബാരോഗ്യ രംഗത്ത് കുടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കണം.
* ആരോഗ്യം, വെൽനെസ് ടൂറിസം വിപുലീകരിക്കുന്നതിന് ദീർഘകാല വിസകൾ അനുവദിക്കുന്ന നയംമാറ്റം ഉണ്ടാകണം.
* ആയൂഷ്, ടൂറിസം, സഹകരണ മേഖലയിൽ വനിതകൾ നേതൃത്വം നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണം.
* കടൽഭിത്തി നിർമാണം, കണ്ടൽക്കാട് വെച്ചുപിടിപ്പിക്കൽ, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവക്കായി കോസ്റ്റൽ റെസിലിയൻസ് ഫണ്ട് രൂപവത്കരിക്കണം.
* വിഴിഞ്ഞം-ചവറ-കൊച്ചി തീരമേഖലയെ ബന്ധിപ്പിച്ച് റെയർ എർത്ത് കോറിഡോർ പ്രഖ്യാപിക്കണം. ഇതിനായി 1000 കോടി രൂപ നീക്കിവെക്കണം.
* ഇ-കൊമേഴ്സ് ഇടപാടുകൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.