അഡോൾഫ് ഐക്മാൻ വിചാരണക്കിടെ
ജറൂസലം: പുതിയ വധശിക്ഷ ബില്ലിൽ ഇസ്രായേൽ രണ്ട് തട്ടിൽ. പുതിയ വധശിക്ഷ ബില്ലിനെ ഒരു വിഭാഗം അനുകൂലിക്കുമ്പോൾ വംശീയമായ വധശിക്ഷ ബില്ലാണ് ഇതെന്നും എതിർക്കപ്പെടേണ്ടതാണെന്നും രാജ്യത്ത് വധശിക്ഷയേ വേണ്ടെന്നുമാണ് മറു വിഭാഗം പറയുന്നത്. ഫലസ്തീൻ തടവുകാരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ല്.
അപൂർവമായാണ് ഇസ്രായേലിൽ വധശിക്ഷ നടപ്പാക്കുന്നത്. ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ മുതൽ ഇതുവരെ രണ്ടു പേർ മാത്രമാണ് വധശിക്ഷക്ക് ഇരയാക്കപ്പെട്ടിട്ടുള്ളത്.
അതിലൊന്ന് നാസി ജർമനിയിലെ ഹോളോകോസ്റ്റിന് കുട്ടുനിന്ന അഡോൾഫ് ഐക്മാനാണ്. 1960ലാണ് അഡോൾഫ് ഐക്മാനെ കോടതി വിധിയെ തുടർന്ന് വധിക്കുന്നത്. അർജന്റീനയിൽ ഒളിവിൽ കഴിഞ്ഞ ഐക്മാനെ മൊസാദ് പിടികൂടി വിചാരണക്കായി ഇസ്രായേലിൽ എത്തിക്കുകയായിരുന്നു.
ഇതിനും മുമ്പ് നടന്ന വധശിക്ഷ 1948ൽ സൈനിക ക്യാപ്ടനായ മെയ്ർ തോബിയാൻസ്കിയുടേതാണ്. രാജ്യദ്രോഹകുറ്റം ആരോപിച്ചാണ് ഇയാളെ വധിക്കുന്നത്.
പുതിയ വധശിക്ഷ ബിൽ നിരപരാധികൾകൂടി വധിക്കപ്പെടുന്നതിന് കാരണമാകുമെന്ന് ബില്ലിനെ എതിർക്കുന്നവർ പറയുന്നു. പക്ഷേ അനുകുലിക്കുന്നവർ പറയുന്നത് ഫലസ്തീനിയൻ തടവുകാരെ ഇല്ലാതാക്കുന്നതിന് മാത്രമാണെന്നും ജൂവിഷ് ഇസ്രായേലികളെ ബാധിക്കില്ലെന്നുമാണ്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് നിയമം. വിധിക്കെതിരെ നിർബന്ധിത അപ്പീൽ നൽകിയ ശേഷം, ശിക്ഷിക്കപ്പെടുന്നവരെ 90 ദിവസത്തിനുള്ളിൽ തൂക്കിലേറ്റുമെന്ന് ബില്ലിൽ വ്യവസ്ഥയുണ്ട്.
ബില്ലുമായി ബന്ധപ്പെട്ട് ഇസ്രായേൽ പാർലമെന്റിൽ തീവ്ര ചർച്ചകളാണ് നടക്കുന്നത്. നിയമവിദഗ്ധരുടെയും റബ്ബിമാരുടെയും, ഡോക്ർമാരുടെയുമൊക്കെ ഹിയറിങ്ങുകളും നടന്നു. തീവ്ര വലതുപക്ഷ പാർട്ടിയായ ജൂവിഷ് പവർ പാർട്ടിയാണ് ബില്ല് അവതരിപ്പിച്ചത്.
നേരത്തെ തന്നെ വധശിക്ഷ സംബന്ധിച്ച് ചർച്ചകൾ ഉണ്ടായിരുന്നുവെങ്കിലും തടവുകാരുടെ കൈമാറ്റം പൂർത്തിയാകുന്നതുവരെ ബില്ലിന്മേലുള്ള നടപടികൾ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
ജുഡീഷ്യൽ വിവേചനാധികാരം അനുവദിക്കുന്ന നിലവിലുള്ള നിയമങ്ങളിൽ നിന്ന് വ്യത്യസ്തമായി, വംശീയതയോ ഇസ്രായേൽ രാഷ്ട്രത്തോടുള്ള ശത്രുതയോ ‘ജൂത ജനതയുടെ ദേശീയ പുനരുജ്ജീവനമോ പ്രേരിതമായി കൊലപ്പെടുത്തിയാൽ ജഡ്ജിമാർ വധശിക്ഷ വിധിക്കണം.
ഡ്യുവൽ-ട്രാക്ക് സിസ്റ്റം
വെസ്റ്റ് ബാങ്കിൽ, സൈനിക കോടതികൾക്ക് വധശിക്ഷ വിധിക്കുന്നതിന് ഏകകണ്ഠമായ തീരുമാനത്തിന് പകരം സംപിൾ മൊജോറിറ്റി മതി.
സിവിൽ കോടതികൾക്ക് ഇസ്രായേലി പൗരന്മാർക്കോ താമസക്കാർക്കോ എതിരായ ഭീകരപ്രവർത്തനങ്ങൾക്ക് വധശിക്ഷ നൽകാൻ അധികാരം.
വധശിക്ഷാ രീതി
നിർദിഷ്ട രീതി തൂക്കിക്കൊല്ലലാണ്. ഇതിനു പുറമെ മാരകമായ കുത്തിവെപ്പ് പോലുള്ള മറ്റ് രീതികൾ ഉപയോഗിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.