ന്യൂയോർക്: ഇഷ്ടം നേടിയതിനെക്കാളേറെ അനിഷ്ടപ്പെരുക്കവുമായി പടിയിറങ്ങിയ മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വിടാതെ പിന്തുടർന്ന് അമേരിക്കൻ ജനത. രണ്ടാംതെരഞ്ഞെടുപ്പിൽ പടിയടച്ച് പൗരന്മാർ പകരം വീട്ടിയപ്പോൾ ഒപ്പം വിശ്വസ്തരായി നിന്നവർ മാധ്യമങ്ങൾക്ക് മുന്നിലെത്തി പകരം ചോദിക്കുന്നതും യു.എസിൽ പതിവുകാഴ്ച. ഏറ്റവുമൊടുവിൽ ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത് അദ്ദേഹത്തിന്‍റെ മുൻ അംഗരക്ഷകൻ കെവിൻ മക്കെയാണ്.
ദീർഘനാൾ എല്ലാം സഹിച്ച് കൂടെ ജീവിച്ച കെവിനെ ട്രംപ് 2012ൽ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടമായത് വലിയ പ്രയാസമായി ഇപ്പോഴും തോന്നുന്നില്ലെങ്കിലും ആ കാലത്ത് വാങ്ങിനൽകിയ മക്ഡൊണാൾഡ്സ് ബർഗറുകൾക്ക് കടമായി ട്രംപ് ബാക്കിവെച്ച 130 ഡോളറിലാണ് കെവിന് ആധി. 2008ൽ സ്കോട്ലൻഡിലായിരിക്കെ യു.കെ കറൻസി കൈയിലില്ലാത്ത ട്രംപ് ഇവ വാങ്ങിനൽകാൻ അംഗരക്ഷകനായ കെവിനോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന് മാത്രമല്ല, കൂടെയുണ്ടായിരുന്ന എല്ലാവർക്കു വേണ്ടിയും വാങ്ങേണ്ടിവന്നു.
വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇതുവരെയും പണം തിരിച്ചുകിട്ടിയില്ല. ആ പണത്തിനായി ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണെന്ന് പറയുന്നു, കെവിൻ.
പണം മാത്രമല്ല, അടിയും സഹിച്ചായിരുന്നു പലപ്പോഴും ട്രംപിനൊപ്പം കഴിച്ചുകൂട്ടിയിരുന്നതെന്നും ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 50 കാരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.