കീവ്: യുക്രെയ്നിനെതിരെ പോരാടുന്ന ഉത്തര കൊറിയൻ സൈനികർ യുദ്ധക്കളത്തിൽ നിന്ന് ‘അപ്രത്യക്ഷരാവുന്ന’തായി ദക്ഷിണ കൊറിയയുടെ നാഷനൽ ഇന്റലിജൻസ് സർവിസ് പുറത്തുവിട്ടു.
ജനുവരി പകുതി മുതൽ, റഷ്യൻ കുർസ്ക് മേഖലയിൽ ഉത്തര കൊറിയൻ സൈന്യം യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കാണിക്കുന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് എൻ.ഐ.എസ് പറഞ്ഞു. ഇങ്ങനെ കാണാതായവരും കൊല്ലപ്പെട്ടവരുടെയും കണക്ക് 3000ത്തോളം വരുമെന്നും എൻ.ഐ.എസ് പറയുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ച യുക്രേനിയൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിന്, കഴിഞ്ഞ ഡിസംബറിൽ ഏകദേശം 11,000 ഉത്തര കൊറിയക്കാരെ കുർസ്കിൽ വിന്യസിച്ചിരുന്നു. എന്നാൽ, ഉത്തര കൊറിയക്കാർക്കിടയിൽ കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചു എന്നതിന്റെ സൂചനകളിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ റിപ്പോർട്ട്.
റഷ്യൻ അതിർത്തി കാവൽക്കാരെ അമ്പരപ്പിച്ചുകൊണ്ട് കഴിഞ്ഞ ആഗസ്റ്റിൽ യുക്രെയ്ൻ റഷ്യൻ മേഖലയായ കുർസ്കിലേക്ക് മിന്നൽ ആക്രമണം നടത്തിയിരുന്നു. ഡിസംബറിൽ ഉത്തര കൊറിയക്കാർ റഷ്യയിലെത്തിയതോടെ കുർസ്കിൽ യുക്രെയ്നിന്റെ ആദ്യകാല നേട്ടങ്ങൾ പിന്നോട്ട് പോയി. അതേസമയം, യുക്രെയ്ൻ ഇപ്പോഴും നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം നിലനിർത്തുന്നതായും ശത്രുവിന് വലിയ നഷ്ടം വരുത്തുന്നതായും റിപ്പോർട്ടുണ്ട്.
‘സ്റ്റോം കോർപ്സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു യൂനിറ്റിൽ നിന്നുള്ള ഉത്തര കൊറിയൻ സൈനികർ, താരതമ്യേന പരിശീലനമോ സംരക്ഷണമോ ഇല്ലാതെ പോരാട്ടത്തിലേക്ക് വലിച്ചെറിയപ്പെട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
4,000 ഉത്തരകൊറിയൻ സൈനികർക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്ളാദിമർ സെലെൻസ്കിയും പറഞ്ഞു. വിന്യസിക്കപ്പെട്ടതിന്റെ ഏകദേശം മൂന്നിലൊന്ന് വരും ഇത്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ റഷ്യൻ സൈന്യം ഉത്തരകൊറിയക്കാരെ ഉപയോഗിച്ചുവെന്നും പിടിക്കപ്പെടുന്നതിനുപകരം സ്വയം ജീവിതം അവസാനിപ്പിക്കാൻ ഉത്തരവിട്ടതായും അല്ലെങ്കിൽ സ്വന്തം വശത്ത് നിന്ന് വെടിവച്ചു വീഴ്ത്തുന്നുവെന്നും യുദ്ധമുഖത്തെ ഉക്രേനിയൻ കമാൻഡർമാർ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരകൊറിയക്കാരുടെ അഭാവം ഒരു താത്കാലിക പുനഃസംഘാടനത്തിന്റെ ഭാഗമാമെന്നും 25,000 അധിക ഉത്തരകൊറിയൻ സൈനികർ കുർസ്കിലേക്ക് തിരിച്ചതായി തനിക്ക് വിവരം ലഭിച്ചുവെന്നും സെലെൻസ്കി ഒരു വാർത്താ ഏജൻസിയോട് പറഞ്ഞു. ഉത്തരകൊറിയൻ സൈനിക സാന്നിധ്യം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്ന് മറ്റു വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നതായി മാധ്യമങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.