സിയോൾ: വടക്കൻ കൊറിയയിൽ കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജൂ ഏ വരുമെന്ന് തെക്കൻ കൊറിയയുടെ ചാരസഘടന റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച ബീജിങ്ങിൽ ഉന്നത നേക്കാക്കളെ സന്ദർശിക്കാനായി അതീവ സുരക്ഷയുള്ള ട്രെയിനിൽ പിതാവിനൊപ്പം മകൾ ജൂ ഏ യാത്ര ചെയ്തതോടെയാണ് കിമ്മിന്റെ മകൾ അടുത്ത ഭരണാധികാരിയാക്കുന്ന കാര്യം ചാര സംഘടന ഉറപ്പിക്കുന്നത്.
ബീജിങ്ങിൽ ചൈനീസ് പ്രസിഡൻറ് ഷീജിങ് പിങ്ങിനെയും റഷ്യൻ പ്രസിഡൻറ് വ്ലാഡിമർ പുട്ടിനെയും സന്ദർശിക്കാൻ കൗമാരക്കാരിയായ കിമ്മിന്റെ മകളും ഉണ്ടായിരുന്നത് ലോകം ഉറ്റു നോക്കിയതാണ്.
നേരത്തേ മുതൽ മകൾ കിമ്മിനെ പിന്തുടരുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ മൂത്ത മകൻ ആകുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അത് ഇതോടെ അവസാനിച്ചിരിക്കുകയാണ്.
രാജ്യത്ത് പിതാവിനൊപ്പമുള്ള ജൂ ഏ യുടെ ഫോട്ടോകൾ രാജ്യത്ത് വ്യാപകമായി പ്രചരിച്ചതായും ഇവരുടെ യാത്രയുടെ ഒരു ഡോക്യുമെന്ററി തന്നെ ഇറങ്ങിയിട്ടുണ്ടെന്നും ചാര ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഇവർ തിരിച്ചെത്തിയ ഉടൻ തന്നെ ബുള്ളറ്റ് പ്രൂഫ് ട്രെയിനിൽ ഉദ്യോഗസ്ഥർക്കൊപ്പം കിമ്മും മക്കളും യാത്ര ചെയ്യുന്ന ചിത്രം സ്റ്റേറ്റ് മീഡിയ തന്നെ പുറത്തു വിട്ടു.
ചൈനയിൽ നോർത്ത് കൊറിയൻ എംബസിയിലായിരുന്നു ഇവർ തങ്ങിയിരുന്നത്. അവിടെ നിന്ന് ഇവരുടെ എല്ലാ കൈവശ വസ്തുക്കളും വേസ്റ്റ് ഉൾപ്പെടെ പ്രത്യേക എയർ ക്രാഫ്റ്റിൽ രാജ്യത്തേക്ക് കൊണ്ടുവന്നു.
വടക്കൻ കൊറിയയിലെ നേതാക്കളുടെ ബയോമെട്രിക് വിവരങ്ങൾ അതീവ രഹസ്യമായാണ് സംരക്ഷിക്കപ്പെടുന്നത്. ഇത് ഈ രാജ്യത്തെ സെക്യൂരിറ്റി പ്രോട്ടോകോളിന്റെ ഭാഗമാണ്. യാത്രയിലും അല്ലാതെയും കിമ്മിന് കിട്ടുന്ന അതേ സുരക്ഷ തന്നെയാണ് ഇപ്പോൾ മകൾക്കും കിട്ടുന്നത്. വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോർത്ത് കൊറിയയിലെ റിസർച്ചർ ആ ചാൻ ഇൽ കിമ്മിന്റെ പിൻഗാമി ജൂഏ തന്നെയാണ് എന്ന് ഉറപ്പിക്കുന്നു.
2022 ൽ പിതാവിനൊപ്പം ഒരു ബാലിസ്റ്റിക് മിസൈൽ ലോഞ്ചിന് എത്തിയപ്പോൾ ജൂ ഏ യെ ‘ഗ്രേറ്റ് പേഴ്സൺ ഓഫ് ഗയിഡൻസ്’ എന്നാണ് പൊതുവേദിയിൽ പരിചയപ്പെടുത്തിയത്. സ്റ്റേറ്റ് മീഡിയ ‘ദ ബിലവഡ് ചൈൽഡ്’ എന്നാണ് അന്ന് വിശേഷിപ്പിച്ചത്. കൂടാതെ രാജ്യത്തെ ഉന്നത നേതാവിനെ വിശേഷിപ്പിക്കുന്ന ‘ഹയാങ്ദോ’ എന്ന പദവും പ്രയോഗിച്ചിരുന്നു.
എന്നാൽ ഇതിനു മുമ്പ് 2013 ൽ മുൻ എൻ.ബി.എ സ്‌റ്റാർ ഡെന്നിസ് റോഡ്മാൻ വടക്കൻ കൊറിയ സന്ദർശിച്ചപ്പോൾ മാത്രമാണ് കിമ്മിന് ഇങ്ങനെയൊരു മകൾ ഉണ്ടെന്ന വിവരം പോലും പുറംലോകം അറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.