സോൾ: രാജ്യത്തിന്‍റെ സൈനിക ശേഷിയിൽ നിര്‍ണായക കാൽവെപ്പായി സോളിഡ് ഫ്യൂവൽ (ഖര ഇന്ധന) എഞ്ചിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഉത്തരകൊറിയ. അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾക്കായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗായാണ് സോളിഡ് ഫ്യൂവൽ എഞ്ചിന്റെ പരീക്ഷണം പൂർത്തിയാക്കിയത്. കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച പുതിയ എഞ്ചിന് 2,500 കിലോ ടൺ വരെ തള്ളൽ ശേഷിയുണ്ട്.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ സൈനിക ശേഷി വർധിപ്പിക്കുന്നതിൽ ഈ പരീക്ഷണം നിർണായകമാണെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ അവകാശപ്പെട്ടു. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ തങ്ങളുടെ ആയുധശേഖരം ആധുനികവൽക്കരിക്കാനുള്ള നീക്കമായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്.
സെപ്റ്റംബറിൽ 1,971 കിലോ ടൺ ശേഷിയുള്ള എൻജിൻ പരീക്ഷിച്ചിരുന്നു. എഞ്ചിന്റെ കരുത്ത് വർധിപ്പിക്കുന്നതിലൂടെ ഒരേ മിസൈലിൽ ഒന്നിലധികം യുദ്ധമുനകൾ ഘടിപ്പിക്കാൻ സാധിക്കും. ഇത് അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
ദ്രാവക ഇന്ധന മിസൈലുകളെപ്പോലെ ഖര ഇന്ധന മിസൈലുകൾക്ക് വിക്ഷേപിക്കുന്നതിന് മുമ്പ് ഇന്ധനം നിറയ്‌ക്കേണ്ടതില്ല. അതിനാൽ ശത്രുരാജ്യങ്ങളുടെ റഡാറുകളിൽപെടാതെ പെട്ടെന്ന് വിക്ഷേപണം നടത്താൻ ഇവയ്ക്ക് സാധിക്കും. 2019-ൽ യുഎസ് പ്രസിഡന്റായിരുന്ന ഡോണാൾഡ് ട്രംപുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിന് ശേഷം ആണവായുധ ശേഖരം വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉത്തര കൊറിയ. ചർച്ചകൾക്ക് തയ്യാറാണെങ്കിലും, ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്നത് വ്യവസ്ഥ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഉത്തര കൊറിയ.ഇറാനെതിരായ യുഎസ്- ഇസ്രായേൽ സംയുക്താക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക നടത്തുന്നത് ആഗോള ഭരണകൂട ഭീകരതയാണെന്ന് കിം ജോങ് ഉൻ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.