ലാഹോർ: പാക് പതാക വഹിക്കുന്ന 20 കപ്പലുകൾക്ക് ഹുർമുസ് കടക്കാൻ അനുമതി നൽകി ഇറാൻ. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ സമാധാനത്തിന്‍റെ തുടക്കമാണ് നടപടിയെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ പറഞ്ഞു.
'ഹുർമുസ് കടലിടുക്ക് കടന്നുപോകാൻ 20 പാക് പതാക വഹിക്കുന്ന കപ്പലുകൾക്ക് കൂടി ഇറാൻ സർക്കാർ അനുമതി നൽകിയ കാര്യ ഞാൻ സന്തോഷത്തോടെ പങ്കുവെക്കുന്നു. ദിവസവും രണ്ട് കപ്പലുകൾ വീതം ഹുർമുസ് കടക്കും'- അദ്ദേഹം എക്സിൽ കുറിച്ചു. ആത്മവിശ്വാസം വളർത്തുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്- ഇറാൻ നയതന്ത്ര ചർച്ചകൾക്ക് പിന്നാലെയാണ് നടപടി. ഇഷാഖ് ദർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഫോണിൽ സംസാരിച്ചിരുന്നു. യു.എസ്- ഇറാൻ യുദ്ധത്തിൽ പാകിസ്താൻ അനുനയ ചർച്ചകൾക്ക് മുൻകൈ എടുത്തിരുന്നു. മുമ്പും പാകിസ്താനിലേക്കുള്ള കപ്പലുകളെ ഇറാൻ ഹുർമുസ് കടത്തിവിട്ടിരുന്നു.
ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലേക്കുള്ള കപ്പലുകളെ കടത്തിവിടുമെന്ന് ഇറാൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ശത്രു രാജ്യങ്ങളായ യു.എസ്, ഇസ്രായേൽ, പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയോടൊപ്പം നിൽക്കുന്ന ഗൾഫ് രാജ്യങ്ങൾ എന്നിവരുടെ കപ്പലുകൾ കടത്തിവിടില്ലെന്നും ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇറാനുമായുള്ള അമേരിക്കൻ സംഘർഷം ദിനം പ്രതി രൂക്ഷമാകുന്ന സാഹചര്യത്തിൽ മേഖലയിൽ 3500 സൈനികരെ കൂടി വിന്യസിച്ച് യു.എസ്. ഇതിനോടകം തന്നെ യു.എസിന്‍റെ പടക്കപ്പലായ യു.എസ്.എസ് ട്രിപ്പോളി 2500ഓളം മറൈനുകളെ മേഖലയിൽ എത്തിച്ചിരുന്നു. അതേസമയം, ഇറാനിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന കര സൈനിക നീക്കങ്ങൾക്ക് ഒരുങ്ങുകയാണെന്ന് പെന്‍റഗൺ അറിയിച്ചു. എന്നിരുന്നാലും കരയാക്രമണങ്ങൾക്ക് സൈനികരെ വിന്യസിക്കാൻ യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അനുമതി നൽകുമോ എന്നതിൽ വ്യക്തതയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇറാൻ. പ്രമുഖ ഇറാനിയൻ ദിനപത്രമായ തെഹ്റാൻ ടൈംസിൽ 'നരകത്തിലേക്ക് സ്വാഗതം' എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ നൽകിയ വാർത്തയിലൂടെയാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലേക്ക് പതിനായിരത്തോളം അധിക സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.