ആക്രമണത്തിൽ തകർന്ന ജേണലിസ്റ്റുകൾ സഞ്ചരിച്ച വാഹനം
ബൈറൂത്: ദക്ഷിണ ലബനനിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഇസ്രായേൽ- ഹിസ്ബുല്ല യുദ്ധം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന ജേണലിസ്റ്റുകളാണ് കൊല്ലപ്പെട്ടതെന്ന് അവരുടെ മാധ്യമ സ്ഥാപനങ്ങൾ അറിയിച്ചു. ഹിസ്ബുല്ലയുടെ അൽ മനാർ ടി.വിയുടെ ദീർഘകാല ലേഖകൻ അലി ഷുഐബ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥാപനം അറിയിച്ചു.
ഷുഐബ് ഹിസ്ബുല്ലയുടെ ഇന്‍റലിജൻസ് ഉദ്യോഗസ്ഥനാണെന്നും അതിനാലാണ് ലക്ഷ്യമിട്ടതെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണ ലബനനിലെ റിപ്പോർട്ടറായ ഷുഐബ് ലബനീസ് യുദ്ധ ലേഖകൻ എന്ന നിലയിൽ പ്രശസ്തനാണ്.
അതേസമയം, ബൈറൂതിലെ തെക്കൻ ജില്ലയായ ജെസിനിൽ നടന്ന വ്യോമാക്രമണത്തിൽ റിപ്പോർട്ടർ ഫാത്തിമ ഫ്ടൗണിയും വീഡിയോ ജേണലിസ്റ്റായ സഹോദരൻ മുഹമ്മദും കൊല്ലപ്പെട്ടതായി ബെയ്‌റൂത് ആസ്ഥാനമായുള്ള പാൻ-അറബ് അൽ-മായാദീൻ ടി.വി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് മുമ്പ് അവർ തത്സമയ റിപ്പോർട്ട് സംപ്രേഷണം ചെയ്തിരുന്നു.
ലബനനിലെ ഉന്നത ഉദ്യോഗസ്ഥർ ആക്രമണത്തെ അപലപിച്ചു. ജേണലിസ്റ്റുകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളെയും കരാറുകളെയും ലംഘിക്കുന്ന കൊടിയ പാതകമാണിതെന്ന് ലബനൻ പ്രസിഡന്‍റ് ജോസഫ് ഔൺ വിമർശിച്ചു.
ദക്ഷിണ ലബനനിൽ ഇസ്രായേൽ സൈനികർ പ്രവർത്തിക്കുന്ന പ്രദേശങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഷുഐബ് ഹിസ്ബുല്ലക്ക് ചോർത്തിക്കൊടുത്തു എന്ന് ഇസ്രായേൽ ആരോപിച്ചു. ഫലസ്തീനിൽ ഹമാസിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളിൽ ജേണലിസ്റ്റുകളെ കൊന്നൊടുക്കിയപ്പോഴും ഇസ്രായേൽ സമാനമായാണ് പ്രതികരിച്ചത്.
മാർച്ച് രണ്ടിനാണ് ഇസ്രായേൽ- ഹിസ്ബുല്ല ആക്രമണം ആരംഭിച്ചത്. അൽ മനാർ ടി.വിയുടെ ആസ്ഥാനമന്ദിരവും ഇവരുടെതന്നെ റേഡിയോ സ്റ്റേഷനും ഉൾപ്പെടെയുള്ള സിവിലിയൻ മേഖലകളിൽ ഇസ്രായേൽ ആക്രമണം അഴിച്ചുവിട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനിൽ 47 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 112 പേർക്ക് പരിക്കേറ്റു. മാർച്ച് രണ്ട് മുതൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1189 ആണെന്നും അധികൃതർ അറിയിച്ചു. ഇതിൽ 51 പേർ ആരോഗ്യപ്രവർത്തകരാണ്. അതേസമയം ഒമ്പത് സൈനികർക്ക് പരിക്കേറ്റതായി ഇസ്രായേലും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.