ഇസ്രായേൽ കടന്നാക്രമണം; പട്ടിണിയും പലായനവും, അനാഥമായി പതിനായിരക്കണക്കിന് കുട്ടികൾ

ബെയ്റൂട്ട്: ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം ഒരു മാസത്തിലേക്ക് കടക്കുമ്പോൾ അയൽരാജ്യമായ ലബനാൻ വലിയ തകർച്ചയെ നേരിടുകയാണ്. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഇസ്രായേൽ നടത്തിയ കടുത്ത വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും രാജ്യം തകർന്നടിഞ്ഞു. ലബനാനിലെ ആകെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും ഇപ്പോൾ അഭയാർത്ഥികളായി തെരുവുകളിൽ കഴിയുകയാണ്. തെക്കൻ ലബനാനിൽ നിന്നും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുമായി 1.2 ദശലക്ഷത്തിലധികം ആളുകളാണ് ഇസ്രായേലിന്റെ നിർബന്ധിത കുടിയൊഴിപ്പിക്കൽ ഉത്തരവിനെത്തുടർന്ന് പലായനം ചെയ്തത്.

കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം 121 കുട്ടികളും 81 സ്ത്രീകളും ഉൾപ്പെടെ 1,094 പേർ കൊല്ലപ്പെട്ടു. 3,119 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അഭയാർഥി കാമ്പുകളിൽ കഴിയുന്ന ഗർഭിണികൾക്കും കാൻസർ രോഗികൾക്കും ആവശ്യമായ ചികിത്സയോ മരുന്നോ ലഭിക്കാത്ത അവസ്ഥയാണ്. സിറിയൻ അഭയാർഥികളും വിദേശ തൊഴിലാളികളുമാണ് ലബനാനിൽ ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത്. ഇവർക്ക് ഇൻസുലിൻ പോലുള്ള അവശ്യ മരുന്നുകൾ സൂക്ഷിക്കാൻ പോലും മാർഗമില്ല.


തുടർച്ചയായ യുദ്ധങ്ങളും സാമ്പത്തിക പ്രതിസന്ധിയും ലബനാൻ ജനതയുടെ മാനസികാരോഗ്യം തകർത്തിരിക്കുകയാണ്. രാജ്യത്തെ മൂന്നിൽ അഞ്ച് പേരും വിഷാദരോഗത്തിനോ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡറിനോ അടിമപ്പെട്ടിരിക്കുകയാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ലബനാനിലെ സൈക്കോളജിക്കൽ സപ്പോർട്ട് ഹോട്ട്‌ലൈനുകളിലേക്ക് എത്തുന്ന ഫോൺ കോളുകളുടെ എണ്ണം കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയായി വർധിച്ചു. ആളുകൾ ഇപ്പോൾ കേവലം അതിജീവനത്തിൽ മാത്രമാണെന്നും വരും മാസങ്ങളിൽ ഇതിന്റെ ആഘാതം കൂടുമെന്നും സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

തെക്കൻ ലബനാൻ പൂർണമായും കൈവശപ്പെടുത്താനും അവിടെ സുരക്ഷാ മേഖല സ്ഥാപിക്കാനുമുള്ള ഇസ്രായേലിന്റെ നീക്കം വരും ആഴ്ചകളിൽ ദുരന്തത്തിന്റെ ആഴം കൂട്ടും. 2019ലെ സാമ്പത്തിക പ്രതിസന്ധിയും പിന്നാലെയെത്തിയ കോവിഡ് മഹാമാരിയും ബെയ്റൂട്ട് സ്ഫോടനവും തളർത്തിയ ലബനാനെ ഈ യുദ്ധം പാടെ തകർക്കുമെന്നാണ് അന്താരാഷ്ട്ര ഏജൻസികൾ ഭയപ്പെടുന്നത്.

Tags:    
News Summary - Israeli invasion; famine, displacement, tens of thousands of children orphaned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.