ജമ്മുകശ്മീരിൽ സ്ഥിതി ശാന്തം; അമൃത് സറിൽ ജാഗ്രത

ശ്രീനഗർ: ഇന്ത്യ-പാകിസ്താൻ വെടിനിർത്തൽ കരാറിന് പിന്നാലെ ജമ്മുകശ്മീരിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. പൂഞ്ച്, അഖിനോർ, രജൗരി, ജമ്മു തുടങ്ങിയ സ്ഥലങ്ങളിലൊന്നും അർധരാത്രിക്ക് ശേഷം പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനമുണ്ടായില്ല. നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ന് രാവിലെ മുതൽ പാകിസ്താന്റെ വെടിവെപ്പൊന്നും റിപ്പോർട്ട് ചെയ്തില്ല.

ജമ്മുകശ്മീരിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാറിന് പിന്നാലെ പാകിസ്താന്റെ ഭാഗത്ത് നിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായിരുന്നു. എന്നാൽ, അർധ രാത്രിക്ക് ശേഷം പാകിസ്താന്റെ ഭാഗത്ത് നിന്ന് പ്രകോപനമൊന്നും ഉണ്ടായില്ല.

അതേസമയം, അമൃത്സറിൽ ഇപ്പോഴും ജാഗ്രത തുടരുകയാണ്. ഞായറാഴ്ച രാവിലേയും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. ആളുകൾ വീടുകൾക്കുള്ളിൽ തന്നെ തുടരണമെന്ന് ഞായറാഴ്ച രാവിലെ നൽകിയ ജാഗ്രത നിർദേശത്തിൽ പറയുന്നു. നഗരത്തിൽ വൈകാതെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യയും പാകിസ്താനും തങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തലിന് സമ്മതിച്ചെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദത്തിന് പിന്നാലെ, വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്താനും രംഗത്തെത്തിയിരുന്നു. വൈകീട്ട് ആറിന് ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‍രിയാണ് ഇക്കാര്യം അറിയിച്ചത്. പാക് ഉപപ്രധാനമന്ത്രി ഇഷാക് ധറും വെടിനിർത്തൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും കര, നാവിക, വ്യോമ സൈനിക നടപടികളെല്ലാം നിർത്തിവെച്ചു.

Tags:    
News Summary - Normalcy Prevails In Jammu & Kashmir After Ceasefire Calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.