‘ഇത് ഞങ്ങളുടെ വിഷയമല്ല’; ഇന്ത്യയോടും പാകിസ്താനോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ലെന്നും അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നേരിട്ട് ഇടപെടാനില്ലെന്ന് വ്യക്തമാക്കി അമേരിക്ക. അടിസ്ഥാനപരമായി ഇത് ഞങ്ങളുടെ വിഷയമല്ലെന്ന് യു.എസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം ലഘൂകരിക്കാൻ താനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപും അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാൻസിന്‍റെ പ്രതികരണം. ‘സംഘര്‍ഷം ലഘൂകരിക്കാൻ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കക്ക് ചെയ്യാനാകുക. യുദ്ധത്തിൽ യു.എസിന് നേരിട്ട് ഇടപെടാനാകില്ല, കാരണം ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല, നമ്മുടെ നിയന്ത്രണ പരിധിയില്‍ വരില്ല. ഇന്ത്യക്കാരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ അമേരിക്കക്ക് സാധിക്കില്ല. പാകിസ്താനികളോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള നീക്കങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരും’ -വാന്‍സ് പ്രതികരിച്ചു.

ഇന്ത്യ-പാക് സംഘര്‍ഷം വലിയൊരു യുദ്ധമോ ആണവ സംഘര്‍ഷമോ ആയി മാറില്ലെന്നാണ് യു.എസ് ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ദൈവം അതു വിലക്കട്ടെ. അങ്ങനെ സംഭവിക്കുമെന്ന് നിലവില്‍ കരുതുന്നില്ലെന്നും വാൻസ് പ്രതികരിച്ചു. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു ശേഷം അതിർത്തിയിൽ പാകിസ്താൻ തുടർച്ചയായി പ്രകോപനം തുടരുന്നതിനിടെയാണ് യു.എസ് വൈസ് പ്രസിഡന്‍റിന്‍റെ പ്രതികരണം.

ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ ‘നാണക്കേട്’ എന്നാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം വിശേഷിപ്പിച്ചത്. അതേസമയം, സംഘർഷം രൂക്ഷമാകുന്നതിനിടെ തുടർനടപടികൾ ചർച്ച ചെയ്യാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സംയുക്ത സേനാമേധാവി അനിൽ ചൗഹാനും ത്രിതല സേനാമേധാവികളുമായും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിർത്തിയിലും പാക് പ്രകോപനം ശക്തമാകുന്ന ഘട്ടത്തിൽ കനത്ത തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണെന്ന മുന്നറിയിപ്പും പ്രതിരോധ വൃത്തങ്ങൾ നൽകിയിരുന്നു.

അതിർത്തി മേഖലകളിൽ ഇതുമായി ബന്ധപ്പെട്ട് സുരക്ഷാ മുന്നറിയിപ്പും ബ്ലാക്ക്ഔട്ട് ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ശ്രീനഗറിനും ജമ്മുവിനും പുറമെ, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ അതിർത്തി മോഖലകളിലുമാണ് ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - "None Of Our Business" -JD Vance on India-Pak Conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.