ട്രംപും പുടിനും അലാസ്കയിലെ ചർച്ചകൾക്കിടെ

യുക്രെയ്ൻ-റഷ്യ യുദ്ധം: ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ കരാറായില്ല; ചർച്ചകളിൽ പുരോഗതിയെന്ന് നേതാക്കൾ

വാഷിങ്ടൺ: യുക്രെയ്ൻ-റഷ്യ യുദ്ധം തീർക്കാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ രാഷ്ട്രതലവൻ വ്ലാഡമിർ പുടിനും നടത്തിയ ചർച്ചകളിൽ വെടിനിർത്തൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയില്ല. ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇരു രാഷ്ട്രനേതാക്കളും അറിയിച്ചു. ചർച്ചകളിൽ നല്ല പുരോഗതിയുണ്ടെന്നും കൂടുതൽ മുന്നോട്ട് പോകാനുള്ള സാധ്യതയുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.

നാറ്റോ അംഗങ്ങളുമായും യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായും ചർച്ച നടത്തിയതിന് ശേഷം മാത്രമേ അന്തിമ കരാറിൽ എത്താനാവു. ഇവർ കൂടി കരാറിന് സമ്മതിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രാഥമികമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ മാത്രമേ യുക്രെയ്ൻ യുദ്ധത്തിന് അവസാനമാകുവെന്ന് ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പുടിൻ പറഞ്ഞു.

ചർച്ചകൾക്ക് മുൻകൈയെടുത്ത ട്രംപിന് പുടിൻ നന്ദിയും പറഞ്ഞു. റഷ്യയുടെ വികസനമാണ് ട്രംപ് ലക്ഷ്യംവെക്കുന്നതെന്ന് പുടിൻ കൂട്ടി​ച്ചേർത്തു. എന്നാൽ, റഷ്യക്ക് അവരുടേതായ താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ അലാസ്കയിലെ ആങ്കറേജിലെ ജോയിന്റ് ബേസ് എൽമെൻഡോർഫ് റിച്ചാർഡ്‌സണിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഏഴു വർഷത്തിനിടെ ആദ്യമായാണ് ഇരു നേതാക്കളും നേരിൽ കാണുന്നത്. പുടിന് ഊഷ്മളമായ സ്വീകരണമാണ് അമേരിക്ക ഒരുക്കിയത്.

ബി2 ബോംബർ വിമാനങ്ങളുടെ അകമ്പടിയോടെയാണ് പുടിൻ ചർച്ച നടക്കുന്ന അലാസ്കയിലേക്ക് എത്തിയത്. ചുവപ്പ് പരവതാനി വിരിച്ചാണ് ചർച്ചാവേദിയിലേക്ക് പുടിനെ ആനയിച്ചത്. ചർച്ചകൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും ട്രംപിന്റെ നിർദേശപ്രകാരം പുടിനാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്.

Tags:    
News Summary - No Ukraine ceasefire after Alaska talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.