അവിശ്വാസ പ്രമേയം അവതരിപ്പിച്ചു; ഇംറാൻ ഹാജരായില്ല; സഭയിൽ ബഹളം; പിന്നാലെ നടപടികൾ നിർത്തിവെച്ചു

ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ ഭാവി തീരുമാനിക്കുന്ന അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിച്ചു. സഭ അജൻഡയിൽ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നാലാമതായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ ബഹളത്തെ തുടർന്ന് സഭ നടപടികൾ ഉച്ചക്ക് 12.30 വരെ നിർത്തിവെച്ചു. ഇംറാൻ ഖാൻ സഭയിലെത്തിയിട്ടില്ല. കൂടാതെ, ഭരണകക്ഷിയിൽനിന്നുള്ള അംഗങ്ങളുടെ ഹാജർ നിലയും കുറവാണ്. പ്രതിപക്ഷ അംഗങ്ങൾ എല്ലാവരും എത്തിയിട്ടുണ്ട്. സഭയിൽ ഭൂരിപക്ഷം നഷ്ടമായ ഇംറാന് അവിശ്വാസം അതിജീവിക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

ദേശീയ അസംബ്ലി പുനഃസ്ഥാപിച്ച് അവിശ്വാസം നേരിടണമെന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠ വിധിയാണ് ഇംറാന് തിരിച്ചടിയായത്. സർക്കാറിനെ അട്ടിമറിക്കാനുള്ള വിദേശ ഗൂഢാലോചനയുടെ ഭാഗമാണ് അവിശ്വാസം എന്ന് ചൂണ്ടിക്കാട്ടി ഈ മാസം മൂന്നിനാണ് അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി തള്ളിയത്. തുടർന്ന് ഇംറാന്റെ നിർദേശ പ്രകാരം പ്രസിഡന്റ് ആരിഫ് ആൽവി ദേശീയ അംസംബ്ലി പിരിച്ചുവിട്ടു. ഈ നടപടികളാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ച് റദ്ദാക്കിയത്.

342 അംഗ സഭയിൽ അവിശ്വാസം ജയിക്കാൻ വേണ്ട 172 പേരുടെ ഭൂരിപക്ഷ പിന്തുണ പ്രതിപക്ഷത്തിനുണ്ട്. ഡെപ്യൂട്ടി സ്പീക്കറുടെ ഉത്തരവ് തള്ളിയ കോടതി വിധി രാജ്യത്തിന്‍റെ ചരിത്രത്തിലെ ചരിത്രദിനമാണെന്ന് പ്രതിപക്ഷ നേതാവ് ശഹ്ബാസ് ശരീഫ് അസംബ്ലിയിൽ പറഞ്ഞു. സുപ്രീംകോടതി തീരുമാനം പാകിസ്താന്‍റെ ഭാവി ശോഭയുള്ളതാക്കി. തെറ്റായ വിധിക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ നേതൃത്വത്തിനും അദ്ദേഹം നന്ദി പറഞ്ഞു.

സുപ്രീംകോടതി ഉത്തരവുപ്രകാരം കോടതി നടപടികൾ നടത്തണമെന്ന് അദ്ദേഹം ദേശീയ അസംബ്ലി സ്പീക്കർ അസദ് ഖൈസറിനോട് ആവശ്യപ്പെട്ടു. പാർലമെന്‍റ് ഇന്ന് ചരിത്രം എഴുതി ചേർക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ ഇന്ന് പാർലമെന്‍റ് ഭരണഘടന മാർഗത്തിൽ പരാജയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - No-trust motion: NA session to decide PM Imran's fate adjourned till 12:30pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.