കോപ്പൻഹേഗൻ: ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയുടെ വാഹനങ്ങൾ തിരികെ അയച്ച് ഡെൻമാർക്കിലെ പ്രമുഖ നിർമാണ കമ്പനി ഷെർണിങ്. ടെസ്‌ല കാറുകൾക്കുണ്ടായ വിപണിയിലെ ഡിമാൻഡ് കുറവും സി.ഇ.ഒ ആയ ഇലോൺ മസ്കിൻ്റെ രാഷ്ട്രീയ നിലപാടുകളുമാണ് വാഹനങ്ങൾ തിരിച്ചയക്കാൻ കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിലെ ടെസ്‌ല ഉപഭോക്താക്കളിൽ പലരും വാഹനം വിൽക്കുന്നതിനെ പറ്റിയോ തിരികെ നൽകുന്നതിനെ പറ്റിയോ ചിന്തിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
'തങ്ങൾ എങ്ങനെ ഡ്രൈവ് ചെയ്യണമെന്ന് മാത്രമല്ല, ആരുടെ കൂടെയാണ് ഡ്രൈവ് ചെയ്യേണ്ടതെന്നും തങ്ങൾ തീരുമാനിക്കും. അതുകൊണ്ടാണ് ടെസ്‌ലയുടെ കാറുകൾ തിരികെ നൽകാൻ തീരുമാനിച്ചത്. ടെസ്‌ല മോശം കാറായത് കൊണ്ടല്ല, മറിച്ച് ഇലോൺ മസ്‌കിന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഈ കൈമാറ്റം' എന്ന് കമ്പനി പറയുന്നു.
അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ താരിഫ് നിയമങ്ങൾക്ക് പിന്നാലെ ടെസ്‌ല തിരിച്ചടി നേരിട്ടിരുന്നു. ചൈന ഉൾപ്പെടെയുള്ള പ്രധാന മാർക്കറ്റുകൾ വരെ ടെസ്‌ലയെ ഉപേക്ഷിച്ചമട്ടാണ്. ട്രംപ് സർക്കാരിനൊപ്പം അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവ പങ്കാളിത്തമാണ് ഇലോൺ മസ്ക് ആഗ്രഹിക്കുന്നതും നടപ്പിലാക്കുന്നതും. കുടിയേറ്റത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കും എതിരായ നയങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ട്രംപ് ഭരണകൂടത്തിൻ്റെ വക്താവ് കൂടിയായ മസ്കിനോടുള്ള രാഷ്ട്രീയ വിയോജിപ്പുകളാവാം നിലവിൽ ടെസ്‌ലയെയും ബാധിച്ചതെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.