ലണ്ടൻ: ഓപറേഷൻ സിന്ദൂരിനെ പിന്തുണച്ച് മുൻ യു.കെ പ്രധാനമന്ത്രി ഋഷി സുനക്. 'മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഭൂമിയിൽ നിന്ന് തങ്ങൾക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ഒരു രാജ്യവും അംഗീകരിക്കേണ്ടതില്ല. തീവ്രവാദികൾക്ക് ശിക്ഷയിൽ നിന്ന് മോചനം ലഭിക്കില്ല.' സുനക് എക്‌സിൽ പോസ്റ്റ് ചെയ്തു.
ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തെ സുനക് നേരത്തെ അപലപിച്ചിരുന്നു. യു.കെ ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
'പഹൽഗാമിലെ ക്രൂരമായ ആക്രമണം നവദമ്പതികളുടെയും കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതങ്ങൾ കവർന്നെടുത്തു. ദുഃഖിക്കുന്നവർക്കൊപ്പം യു.കെ നിലകൊള്ളുന്നുവെന്നും ഭീകരത ഒരിക്കലും വിജയിക്കില്ലെന്നും ഞങ്ങൾ ഇന്ത്യയുടെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് പിന്തുണക്കാൻ തന്റെ രാജ്യം തയ്യാറാണെന്ന് യു.കെ വ്യാപാര സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു.
ഞങ്ങൾ ഇരു രാജ്യങ്ങളുടെയും സുഹൃത്തും പങ്കാളിയുമാണെന്നതിനാൽ ഇരു രാജ്യങ്ങളെയും പിന്തുണക്കാൻ ഞങ്ങൾ തയ്യാറാണെന്നും പ്രാദേശിക സ്ഥിരതയും സംഘർഷം ലഘൂകരിക്കുന്നതിനും ഇരു കൂട്ടർക്കും താൽപര്യമുള്ളതിനാൽ അതിനായി പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം ബി.ബി.സി റേഡിയോയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.