വെടിനിർത്തൽ ചർച്ച പ്രതിസന്ധിയിൽ? ഇറാൻ സംഘം പാകിസ്താനിലേക്ക് തിരിക്കില്ലെന്ന് റിപ്പോർട്ട്

തെഹ്‌റാൻ: ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ. പാകിസ്താനിലെ ഇസ്ലാമാബാദിൽ നിശ്ചയിച്ചിരുന്ന നിർണായക ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം ഇതുവരെ യാത്ര തിരിച്ചിട്ടില്ലെന്ന് മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിലെ സീനിയർ ഫെലോ അബാസ് അസ്‌ലാനി അറിയിച്ചു.

പാകിസ്താൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ സംഘം വ്യാഴാഴ്ച രാത്രി ഇസ്‌ലാമാബാദിലെത്തുമെന്ന് പാകിസ്താനിലെ ഇറാൻ അംബാസഡർ റെസ അമിരി മൊഗദം എക്സിലൂടെ അറിയിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം അദ്ദേഹം ഈ പോസ്റ്റ് പിൻവലിച്ചു. ഇറാൻ സംഘം എന്നാണ് എത്തുക എന്ന കാര്യത്തിൽ നിലവിൽ പാക് വിദേശകാര്യ മന്ത്രാലയമോ ഇറാൻ എംബസിയോ വ്യക്തമായ മറുപടി നൽകിയിട്ടില്ല. 

അതേസമയം ലബനാനിലെ ഇസ്രായേൽ ആക്രമണം അവസാനിക്കാതെ ഇസ്‌ലാമാബാദിൽ യാതൊരു ചർച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ. ഇസ്രായേൽ ആക്രമണം തുടരുന്നത് ചർച്ചകളുടെ ഭാവിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ധാരണയിലെത്തിയ 10 ഇന കർമ്മപദ്ധതിയിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ ചില മാറ്റങ്ങളും ഇറാനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ നയതന്ത്ര തലത്തിൽ വലിയ വിശ്വാസപ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്.

 അമേരിക്കയുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാനാവില്ലെന്ന പഴയ നിലപാടിലേക്ക് ഇറാൻ ഭരണകൂടം മടങ്ങുകയാണ്. മുമ്പ് ചർച്ചകൾക്കിടയിൽ തന്നെ രണ്ടുതവണ ഇറാൻ ആക്രമിക്കപ്പെട്ടത് ചൂണ്ടിക്കാട്ടി. 

ലബനാനിലെ സാഹചര്യം മാറാത്ത പക്ഷം അമേരിക്കയുമായി ചർച്ചക്കില്ലെന്ന ഇറാന്റെ കടുത്ത നിലപാട് പാകിസ്താൻ മുൻകൈ എടുത്ത് നടത്തിയ സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി. 

Tags:    
News Summary - No departure yet of Iranian delegation to Pakistan talks amid Israeli attacks on Lebanon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.