യുദ്ധവും ഇന്ധനവിലക്കയറ്റവും, ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പേ ട്രംപിന് തിരിച്ചടി; ജനപ്രീതി കുത്തനെ ഇടിഞ്ഞു

വാഷിങ്ടൺ: ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതായി റിപ്പോർട്ടുകൾ. വാൾ സ്ട്രീറ്റ് ജേർണൽ പുറത്തുവിട്ട പുതിയ സർവേ ഫലത്തിൽ 37 ശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ട്രംപിനുള്ളത്. എന്നാൽ ഫലത്തിൽ 61 ശതമാനം പേരും ട്രംപിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യു.എസ്. പ്രസിഡന്റിന് കഴിഞ്ഞ 36 വർഷത്തിനിടയിൽ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിത്. അതും ഒരു ഇടക്കാല തിരഞ്ഞെടുപ്പിനിടയിൽ. ഇറാനെതിരെയുള്ള സൈനിക നടപടിയും ദിവസംതോറും കുതിക്കുന്ന ഇന്ധനവിലയുമാണ് ജനപിന്തുണ കുറയാൻ പ്രധാന കാരണമെന്ന് ജേർണൽ പറയുന്നു.

അധികാരത്തിലേറുമ്പോൾ വിലക്കയറ്റം നിയന്ത്രിക്കുമെന്നും യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് സർവേ ഫലത്തിൽ പുറത്തുവന്നത്. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനോ ഇന്ധനവില നിയന്ത്രിക്കാനോ ഫലവത്തായ ഒരു നീക്കവും ട്രംപിന്റെ ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഇറാനുമായുള്ള യുദ്ധവും വർധിച്ചുവരുന്ന ഇന്ധനവിലയും ട്രംപിന്റെ ജനപ്രീതിക്ക് വലിയൊരു തിരിച്ചടിയായിട്ടുണ്ട്.

ട്രംപ് രണ്ടാം തവണയും അധികാരത്തിലേറുമ്പോൾ 47 ശതമാനമായിരുന്ന ജനപ്രീതി 32 ശതമാനത്തിലേക്കാണ് താഴ്ന്നത്. ഇതോടൊപ്പം ഇറാനെതിരെയുള്ള സൈനിക നടപടിയെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. അതേസമയം സ്വന്തം പാർട്ടി പ്രവർത്തകരും ട്രംപിനെ പിന്തുണയ്ക്കാത്തത് വൈറ്റ് ഹൗസിന് വലിയ തിരിച്ചടിയാണ് നൽകുന്നത്. ഇത് 82 ശതമാനത്തിൽനിന്ന് 73 ശതമാനമായാണ് കുറഞ്ഞത്. നവംബറിൽ നടക്കാനിരിക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി തന്നെ സങ്കൽപ്പിച്ച് വോട്ട് ചെയ്യണമെന്നാണ് ട്രംപ് അനുയായികളോട് അഭ്യർഥിച്ചിട്ടുള്ളത്.

 
Tags:    
News Summary - US Midterm Elections Trouble Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.