മസൂദ് പെഷസ്കിയാൻ, അന്റോണിയോ ഗുട്ടെറസ്
'അമേരിക്കയെ ഇനി ഞങ്ങൾ വിശ്വസിക്കില്ല': ഇറാൻ പ്രസിഡന്റ് പെഷസ്കിയാൻ
ന്യൂയോർക്ക്: അമേരിക്കയെ ഇനി ഒട്ടും വിശ്വാസമില്ലെങ്കിലും നയതന്ത്ര ചർച്ചകളിൽ നിന്ന് ഇറാൻ പിന്മാറിയിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. യുഎൻ പൊതുസഭാ സമ്മേളനത്തിനെത്തിയ (യു.എൻ.ജി.എ) പെഷസ്കിയാൻ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. തെഹ്‌റാനും വാഷിംഗ്ടണും തമ്മിൽ ജൂൺ 17-ന് ഒപ്പുവെച്ച 'ഇസ്ലാമാബാദ് ധാരണാപത്രം' പൂർണമായി നടപ്പിലാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
'കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇറാന് അമേരിക്കയിൽ ഇനി യാതൊരു വിശ്വാസവുമില്ല. എന്നിരുന്നാലും ഇറാൻ ചർച്ചകളുടെ മേശ ഉപേക്ഷിച്ചുപോയിട്ടില്ല,' ഗുട്ടെറസിനോട് പെഷസ്കിയാൻ തുറന്നുപറഞ്ഞു. പശ്ചിമേഷ്യയിൽ ശാന്തിയും സമാധാനവുമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരുടെയും മുൻപിൽ കീഴടങ്ങാൻ രാജ്യം തയ്യാറല്ലെന്നും അദ്ദേഹം അടിവരയിട്ടു.
കൂടിക്കാഴ്ചയ്ക്ക് പുറമെ, 'എക്സി'ലൂടെയും പെഷസ്കിയാൻ നിലപാട് വ്യക്തമാക്കി. ജൂൺ 17-ന് ഇസ്ലാമാബാദിൽ വെച്ച് യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ ഇസ്ലാമാബാദ് ധാരണാപത്രത്തെ പിന്തുണച്ച് സംസാരിച്ച ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിന്റെ നിലപാടിനെ പെഷസ്കിയാൻ പ്രത്യേകം അഭിനന്ദിച്ചു.
ഇപ്പോഴത്തെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ നയതന്ത്രപരവും രാഷ്ട്രീയവുമായ പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. വാഷിംഗ്ടണിൽ വിശ്വാസം നഷ്ടപ്പെട്ടപ്പോഴും പ്രശ്നപരിഹാരത്തിനുള്ള നയതന്ത്ര വാതിലുകൾ ഇറാൻ അടച്ചിട്ടില്ലെന്നാണ് പെഷസ്കിയാൻ ഗുട്ടെറസിനെ ധരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.