സ്കോട്ട് ബെസന്‍റ്


ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കം ഫലം കണ്ടുവെന്ന അവകാശവാദവുമായി യുഎസ് ട്രഷറി സ്കോട്ട് ബെസന്‍റ്

വാഷിങ്ടൺ: ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള യു.എസ് നീക്കങ്ങൾ ഫലം കാണുന്നുവെന്ന അവകാശവാദവുമായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ്. ഇറാന്റെ വിമാനക്കമ്പനികൾക്കും ബാങ്കുകൾക്കുമെതിരെ വിവിധ രാജ്യങ്ങൾ നടപടി സ്വീകരിച്ചതായും യു.എസ് സമ്മർദം ശക്തമാക്കിയതായും അദ്ദേഹം വ്യക്തമാക്കി.  ‘ഇറാൻ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളുമായി ചർച്ച നടത്താൻ വിവിധ സംഘങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയച്ചിരുന്നു. ഈ ശ്രമങ്ങൾ ഫലം കാണുന്നുണ്ട്’ എന്ന് ബെസന്റ് എക്സിൽ കുറിച്ചു.

സ്വകാര്യ വിമാനക്കമ്പനിയായ മഹാൻ എയറിന്റെ വിമാനങ്ങൾ തുർക്കിയയിലും  ഒമാനിലുംവിലക്കിയെന്നും ബെസന്റ് പറഞ്ഞു. ഇറാനിയൻ വിമാനക്കമ്പനികളുടെ എല്ലാ വിമാന സർവിസുകളും യു.എ.ഇയും നിർത്തിവെച്ചിട്ടുണ്ട്. യു.എ.ഇയിലെ വാണിജ്യകേന്ദ്രം കൂടിയായ ദുബൈ ഇറാനിയൻ വിമാനക്കമ്പനികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ദിവസേന നിരവധി വിമാനങ്ങളാണ് ഇവിടെ നിന്ന് ഇറാനിലേക്ക് സർവിസ് നടത്തിയിരുന്നത്. ഒരു വലിയ ഇറാനിയൻ സമൂഹവും അടുത്ത വ്യാപാരബന്ധങ്ങളും ദുബൈക്കുണ്ട്.

ഇറാന്റെ ബാങ്കിങ് മേഖലയ്ക്കെതിരായ പുതിയ നിയന്ത്രണങ്ങളും ബെസന്റ് ചൂണ്ടിക്കാട്ടി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദം, ആയുധവ്യാപനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് ബാങ്ക് മെല്ലിയുടെ ശാഖയിലെ എല്ലാ ഇടപാടുകളും യു.എ.ഇ സെൻട്രൽ ബാങ്ക് ബുധനാഴ്ച തടഞ്ഞിരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം നേരിടുന്ന ഇറാന്റെ സെമി-പ്രൈവറ്റ് ബാങ്കായ ബാങ്ക് മെല്ലറ്റിന്റെ ലൈസൻസ് തുർക്കിയയും കഴിഞ്ഞയാഴ്ച റദ്ദാക്കി.

ഇറാനെതിരെ ‘സാമ്പത്തിക ഡി-ഡേ’ നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായി യു.എസ് ട്രഷറിയുടെ ഭീകരവാദ ധനസഹായ വിരുദ്ധ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ബർക്ക് രണ്ടാഴ്ചയോളം മധ്യപൂർവദേശത്തും യൂറോപ്പിലും പര്യടനം നടത്തിയതായി ബെസന്റ് പങ്കുവെച്ച വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിൽ പറയുന്നു. ഇറാനെതിരെ സാമ്പത്തിക സമ്മർദം ചെലുത്താന്‍ യു.എസ് ട്രഷറി 50-ലേറെ രാജ്യങ്ങളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ലോകമെമ്പാടുമുള്ള എല്ലാ ഇറാനിയൻ വിമാനക്കമ്പനികളുടെയും പ്രവർത്തനം നിർത്തലാക്കുമെന്ന് ബെസന്റ് തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാൽ ചൈനയിലേക്ക് ഉൾപ്പെടെ അന്താരാഷ്ട്ര സർവിസുകൾ നടത്തുന്ന ചെറിയ ഇറാനിയൻ വിമാനക്കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. യു.എസ് സമ്മർദത്തിന് ചൈന വഴങ്ങാത്ത സാഹചര്യത്തിലാണ് ഈ സർവിസുകൾ തുടരുന്നത്.

Tags:    
News Summary - Scott Bessent Targets Iran Ec

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.