ജനറൽ അബ്ദുറഹ്മാൻ ചിയാനി
നിയമി: പശ്ചിമ ആഫ്രിക്കൻ രാജ്യമായ നൈജറിൽ പട്ടാള അട്ടിമറിക്ക് നേതൃത്വം നൽകിയ ജനറൽ അബ്ദുറഹ്മാൻ ചിയാനി പുതിയ നേതാവായി സ്വയം പ്രഖ്യാപിച്ചു. ബുധനാഴ്ച തുടങ്ങിയ നാടകീയ അട്ടിമറി നീക്കത്തിനൊടുവിലാണ് ഇദ്ദേഹത്തിെന്റ നേതൃത്വത്തിലുള്ള പ്രസിഡൻഷ്യൽ ഗാർഡ് ഭരണം പിടിച്ചെടുത്തത്. അധികാരത്തിൽനിന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിെന്റ ആരോഗ്യനില സുരക്ഷിതമാണെന്നാണ് വിവരം. അദ്ദേഹം ഇപ്പോഴും സ്വന്തം സുരക്ഷാ സൈനികരുടെ തടവിൽതന്നെയാണ് കഴിയുന്നത്.
ആഫ്രിക്കൻ യൂനിയൻ, വെസ്റ്റ് ആഫ്രിക്കൻ റീജനൽ േബ്ലാക്ക് (എക്കോവാസ്), യൂറോപ്യൻ യൂനിയൻ, ഐക്യരാഷ്ട്ര സഭ എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമൂഹം അട്ടിമറിയെ അപലപിച്ചു. 2011 മുതൽ പ്രസിഡൻഷ്യൽ ഗാർഡിെന്റ ചുമതല വഹിക്കുന്നയാളാണ് ജനറൽ ചിയാനി. 2018ൽ മുൻ പ്രസിഡന്റ് മുഹമ്മദ് ഇസൂഫു ആണ് ഇദ്ദേഹത്തെ ജനറൽ പദവിയിലേക്ക് ഉയർത്തിയത്. അരക്ഷിതാവസ്ഥ, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് അധികാരം പിടിച്ചെടുത്തതെന്ന് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്ത പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാഹചര്യം മനസിലാക്കി പിന്തുണ നൽകണമെന്ന് അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യർഥിച്ചു.
പടിഞ്ഞാറ് മാലി മുതൽ കിഴക്ക് സുഡാൻ വരെ ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളും സൈനിക ഭരണത്തിനു കീഴിലാണ്. ദീർഘനാൾ ജനാധിപത്യത്തെ പുൽകിനിന്ന നൈജറും ഇപ്പോൾ പട്ടാള ഭരണത്തിന് കീഴിലായിരിക്കുകയാണ്. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പാശ്ചാത്യ രാജ്യങ്ങൾക്കൊപ്പമാണ് പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂം നിലകൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.