തെൽ അവീവ്: ഇസ്രായേൽ ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ കുടുംബവീട് ലക്ഷ്യം വെച്ച് ഇറാൻ. നെതന്യാഹുവിന്‍റെ സിസേറയിലെ കുടുംബ വസതിക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്.
എന്നാൽ ആർക്കും അപകടം ഉണ്ടായതായി റിപ്പോർട്ടില്ല. രണ്ട് ഫ്ലാഷ് ബോംബുകൾ അദ്ദേഹത്തിന്‍റെ ഉദ്യാനത്തിൽ പതിച്ച് കെട്ടിടത്തിന് നാശനഷ്ടങ്ങൾ വരുത്തി. നെതന്യാഹുവോ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോ ഈ സമയത്ത് വസതിയിലുണ്ടായിരുന്നില്ല.
അതേസമയം, ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് മേധാവി ബ്രിഗേഡിയർ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, വടക്കന്‍ ഇസ്രായേലിൽ ഇറാന്‍റെ മിസൈൽ വർഷം തുടരുകയാണ്. ഇസ്രായേലിന്റെ തുറമുഖനഗരമായ ഹൈഫക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂന്നിടങ്ങളില്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, ആണവ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും പിന്നാലെ തെഹ്റാനിലെ പൊലീസ് ആസ്ഥാനവും ഇസ്രയേൽ ആക്രമിച്ചു. ഒറ്റരാത്രികൊണ്ട് തെഹ്‌റാനിലെ 80ലധികം കേന്ദ്രങ്ങളാണ് ഇസ്രയേൽ ആക്രമിച്ചത്. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനം, ആണവ പദ്ധതിയുടെ ആസ്ഥാനം (എസ്.പി.എൻ.ഡി) എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.